• admin

  • January 8 , 2020

:

ടെഹ്‌റാന്‍: ഇറാഖിലെ രണ്ട് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.

അതേ സമയം ഇറാഖില്‍ തങ്ങളുടെ താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിലുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി യുഎസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇറാന്‍ പുറത്തുവിട്ട കണക്കുകള്‍ സ്ഥിരീകരിക്കുന്നതാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈന്യം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാകുമിത്.

ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഇറാഖിലെ  അല്‍ അസദ്‌, ഇര്‍ബില്‍ എന്നി യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അല്‍ അസദ്‌ താവളത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്.

ജനറല്‍ മേജര്‍ ഖാസിം സുലൈമാനിയടക്കമുള്ളവരെ വ്യോമാക്രമണത്തില്‍ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ സൈനിക നടപടി. സ്വയം പ്രതിരോധത്തിന് വേണ്ടി യുഎന്‍ ചട്ട പ്രകാരമുള്ള നടപടി മാത്രമാണെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. എല്ലാം നല്ലതിന്, ഉടന്‍ ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് ഡൊണാള്‍ഡ് ട്രംപും മറുപടി നല്‍കിയിട്ടുണ്ട്.