• admin

  • January 22 , 2020

തിരുവനന്തപുരം : എല്ലാ മാലിന്യസംസ്‌കരണ രീതികളും ഉപയോഗപ്പെടുത്തി നാടാകെ ശുചിയാക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനവും മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡുകളുടെ വിതരണവും കനകക്കുന്ന് സൂര്യകാന്തിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വപരിപാലനത്തില്‍ നമ്മുടെ തദ്ദേശസ്ഥാപനങ്ങള്‍ മികവുറ്റ ഒട്ടേറെ മാതൃകകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങളും കൂടുതല്‍ മികവുറ്റ മാതൃകകളും സൃഷ്ടിക്കാനാകണം. നവകേരളം നിര്‍മിക്കുമ്പോള്‍ നാടാകെ ശുചിയായിരിക്കണം. ഉറവിട മാലിന്യസംസ്‌കരണത്തിനാണ് ആദ്യം നാം പ്രാധാന്യം നല്‍കി വന്നത്. നല്ലരീതിയില്‍ അവബോധം ആളുകളില്‍ സൃഷ്ടിക്കാനുമായി. എന്നാല്‍ ചില പഴയശീലങ്ങള്‍ പലരും തുടരുന്ന നിലയുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ നല്ലനിലയില്‍ ശുചീകരണ കാര്യങ്ങള്‍ പൂര്‍ണതയില്‍ എത്തിക്കാനാകണം. പരിസരത്തിനൊപ്പം ജലസ്രോതസുകളും ശുദ്ധമായിരിക്കണം. പ്ലാസ്റ്റിക്കിനോട് നാം വിട പറയുകയാണ്. ഇപ്പോള്‍ പ്ലാസ്റ്റിക് ഇല്ലാത്ത സാഹചര്യത്തില്‍ ഒരുപാട് ബദല്‍ ഉത്പന്നങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. മികച്ച കോര്‍പറേഷനുള്ള അവാര്‍ഡ് തിരുവനന്തപുരവും മികച്ച മുനിസിപ്പാലിറ്റിക്കുള്ള അവാര്‍ഡ് പൊന്നാനിക്കും ബ്ളോക്ക് പഞ്ചായത്തിനുള്ള അവാര്‍ഡ് പഴയന്നൂരിനും ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് പടിയൂരിനും ലഭിച്ചു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി 837 തദ്ദേശസ്ഥാപനങ്ങളില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ആരംഭിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മാലിന്യത്തില്‍ നിന്ന് വൈദ്യുതിയും മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്ന സാധ്യതകള്‍ നാം ഉപയോഗപ്പെടുത്തുന്നുണ്ട്. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിച്ച് മുന്നിട്ടിറങ്ങാന്‍ ജനപ്രതിനിധികള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഒരു നദിയുടെ പുനര്‍ജനി ഡോക്യൂമെന്ററിയുടെ പ്രകാശനം ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ശാസ്ത്രീയ മാലിന്യ സംസ്‌കരണം കുട്ടികളില്‍, ശുചിത്വ മികവുകള്‍ ഡോക്യുമെന്ററി ഡി.ഡി പ്രകാശനം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. ശുചിത്വ കാമ്പയിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു.