• Lisha Mary

  • March 6 , 2020

തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാല മാര്‍ക്ക് ദാന അദാലത്ത് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീലിന് തിരിച്ചടി. വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. അദാലത്ത് ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. സാങ്കേതിക സര്‍വകലാശാലയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ മൂന്നാമത് മൂല്യനിര്‍ണയം നടത്തി വിജയിപ്പിച്ചതാണ് പരാതിക്ക് ഇടയാക്കിയത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മറ്റിയാണ് പരാതി ഉന്നയിച്ചത്. പരാതിയില്‍ ഗവര്‍ണര്‍ വിശദമായ അന്വേഷണം നടത്തി. സര്‍വകലാശാല അധികൃതര്‍, വിദ്യാര്‍ത്ഥി, പരാതിക്കാര്‍ എന്നിവരെ ഗവര്‍ണര്‍ വിസ്തരിച്ചിരുന്നു. ഇതിനു ശേഷമാണ് വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ അദാലത്തുകള്‍ നടത്താന്‍ സര്‍വകലാശാലകള്‍ക്ക് അനുവാദമില്ലെന്ന് ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സര്‍വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനും അവകാശമില്ല. യൂണിവേഴ്സിറ്റി സ്റ്റാറ്റിയൂട്ട് പ്രകാരം ഇത്തരത്തില്‍ അദാലത്തുകള്‍ നടത്താനുള്ള അവകാശവുമില്ല. അതിനാല്‍ ഈ അദാലത്ത് ക്രമവിരുദ്ധമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഗവര്‍ണര്‍ തിരുത്തിയിട്ടില്ല. വിദ്യാര്‍ത്ഥിയുടെ ഭാവിയെ കരുതിയാണ് അങ്ങനെ ചെയ്യാത്തതെന്നും എന്നാല്‍ ഇതൊരു കീഴ്വഴക്കമായി എടുക്കരുതെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പ്രതികരിക്കാമെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.