• Lisha Mary

  • April 21 , 2020

ഭോപ്പാല്‍ : മധ്യപ്രദേശില്‍ അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബി.ജെ.പി അട്ടിമറിയിലൂടെ ഭരണം നേടിയെങ്കിലും ഒരുമാസമായി മുഖ്യമന്ത്രിയല്ലാതെ മറ്റ് മന്ത്രിമാരൊന്നും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ലോക്ക്ഡൗണ്‍ മൂലമാണ് മന്ത്രിസഭാ വികസനം നടത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍ മുഖ്യമന്ത്രിയെക്കൊണ്ട് മാത്രം സാധിക്കില്ല എന്ന വിമര്‍ശവും പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു മാസത്തിന് ശേഷം അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഭോപ്പാലില്‍ നടന്ന ലഘുവായ ചടങ്ങില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടണ് മുമ്പാകെയാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആറുതവണ എംഎല്‍എ ആയും ഒരിക്കല്‍ മന്ത്രിയുമായിരുന്ന നരോത്തം മിശ്ര, മീനാ സിങ്, കമല്‍ പട്ടേല്‍,തുളസീറാം സിലാവത്, ഗോവിന്ദ് സിങ് രാജ്പുത് എന്നിവരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇവരില്‍ രണ്ടുപേര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ നിന്ന് വിട്ട് വന്നവരാണ്. കൊറോണ പ്രതിസന്ധിയുടെകാലത്ത് നിര്‍ണായകമാകുന്ന ആരോഗ്യ മന്ത്രിസ്ഥാനം ആര്‍ക്കും നല്‍കിയിട്ടില്ല. നിലവില്‍ ഒരോ മന്ത്രിമാര്‍ക്കും രണ്ട് വകുപ്പുകള്‍ വീതം നല്‍കിയെന്നാണ് വിവരം. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നിന് വീണ്ടും മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ സത്യപ്രതിജ്ഞ ചെയ്ത അഞ്ചുപേരും സംസ്ഥാനത്തെ അഞ്ച് ഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ബുന്ദേല്‍ഖണ്ഡ്, സെന്‍ട്രല്‍ മധ്യപ്രദേശ്, മാള്‍വാ- നിമാര്‍, മഹാകോശാല്‍, ഗ്വാളിയോര്‍- ചമ്പല്‍ എന്നീ മേഖലകളില്‍ നിന്നുള്ളവരാണ് ഈ മന്ത്രിമാര്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് ബിജെപി അധികാരം പിടിച്ചത്. കോണ്‍ഗ്രസ് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ 22 എംഎല്‍എമാരാണ് രാജിവെച്ചത്. ഇതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍താഴെവീണത്. രാജ്യത്ത് ഏറ്റവുമധികം കൊറോണ ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. 1,485 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 74 പേര്‍ മരിക്കുകയും ചെയ്തു. ഇത്രയും ഗുരുതരമായ സാഹചര്യമുണ്ടായിട്ടും ആരോഗ്യ വകുപ്പിനായി മന്ത്രിയെ നിയമിക്കാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു.