• admin

  • February 4 , 2020

തിരുവനന്തപുരം :

മക്കള്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ ഏത് മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാകുമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍. പന്തീരങ്കാവ് കേസില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത് സംസ്ഥാന സര്‍ക്കാരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിനെ രാഷ്ട്രീയമായി ആക്രമിക്കാന്‍ മാവോയിസ്റ്റുകളെ പ്രതിപക്ഷം ന്യായീകരിക്കുകയാണ്. ആളെ കൊല്ലുന്ന പ്രത്യയശാസ്ത്രമല്ല മാവോയിസം. ഇത് നാടിന് ചേര്‍ന്നതാണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്താനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ആവശ്യപ്പെട്ടു. എന്‍ഐഎക്ക് വിടണമെന്ന ഉദ്ദേശ്യത്തോടെയാണ് യുഎപിഎ ചുമത്തിയത്. ഇരുവരില്‍ നിന്നും കണ്ടെത്തിയത് സിപിഎം ഭരണഘടനയാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി സര്‍ക്കാര്‍ തകര്‍ത്തെന്നും മുനീര്‍ കുറ്റപ്പെടുത്തി. പി. മോഹനന്‍ അടക്കം പൊലീസ് നടപടിയെ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി പറയുന്നതാണോ ജില്ലാ സെക്രട്ടറി പറയുന്നതാണോ ശരിയെന്ന് മുനീര്‍ ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കിയത് ഹാജരില്ലാത്തതുകൊണ്ടാണെന്നും അതില്‍ പോലീസ് ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

കേസിന് നിയമപരമായ പിന്‍ബലമുണ്ട്. കേസ് എന്‍ഐഎക്ക് കൈമാറിയത് സംസ്ഥാനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കേസ് പരിശോധിക്കും മുന്‍പേ എന്‍ഐഎ കേസ് ഏറ്റെടുത്തു. യുഡിഎഫിന്റെ കാലത്ത് ഒമ്പത് കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തു. അന്നൊന്നും ഒരു കത്തുമായും ആരും പോയില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി. കേസ് പുന:പരിശോധിക്കാന്‍ അമിത് ഷായ്ക്ക് മുന്നില്‍ പോകണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഗവര്‍ണറുടെ കാല് പിടിക്കുന്നതിലും നല്ലത് അമിത് ഷായുടെ കാല് പിടിക്കുന്നതാണ് നല്ലതെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. പിണറായി ആണോ മോദിയാണോ സംസാരിച്ചതെന്ന് ചെന്നിത്തല ചോദിച്ചു. 

സമാന വിഷയത്തില്‍ നേരത്തെ മറുപടി നല്‍കിയതാണ്. സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറുപടിയെ തുടര്‍ന്ന് പ്രമേയത്തിന് അനുമതി സ്പീക്കര്‍ നിഷേധിച്ചു. 

മുഖ്യമന്ത്രിക്ക് ദുരഭിമാനവും പിടിവാശിയുമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അന്വേഷണം നടക്കുന്നുവെന്നും എന്‍ഐഎ ഏറ്റെടുക്കേണ്ട ആവശ്യമില്ല എന്നും ഉന്നയിച്ച് കേന്ദ്രത്തിന് എന്തുകൊണ്ട് സര്‍ക്കാര്‍ കത്തയക്കാന്‍ തയ്യാറാകുന്നില്ല. അലനും താഹയ്ക്കുമെതിരെ കുറ്റം ചുമത്തണമെന്ന് എന്താണ് നിര്‍ബന്ധമെന്നും ചെന്നിത്തല ചോദിച്ചു.