• admin

  • February 2 , 2020

കോഴിക്കോട് : മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ നടത്തുന്ന അപൂര്‍വ ശസ്ത്രക്രിയയായ 'ബ്രാക്കില്‍ പ്ലക്‌സ്' രോഗികള്‍ക്ക് ആശ്വാസമാകുന്നു. തോള്‍ഭാഗത്ത് ഞരമ്പുകള്‍ കൂടിച്ചേരുന്ന ഭാഗത്ത് അപകടത്തില്‍ ക്ഷതം സംഭവിച്ചാല്‍ കൈകള്‍ തളര്‍ന്നുപോകുന്നത് തടയാനുള്ളതാണ് ഈ ശസ്ത്രക്രിയ. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ നടത്തുന്ന ഈ ശസ്ത്രക്രിയ കേരളത്തിലെ മറ്റൊരു മെഡിക്കല്‍ കോളേജിലുമില്ല. അതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈ ശസ്ത്രക്രിയക്കായി നിരവധി രോഗികളെയാണ് ഇവിടേക്ക് കൊണ്ടുവരാറുള്ളത്. തലച്ചോറിലെയും സൂക്ഷ്മനാഡിയിലെയും മുഴകള്‍ നീക്കംചെയ്യല്‍, തലച്ചോറിനെയും രക്തക്കുഴലിനെയും ബാധിക്കുന്ന അന്യൂറിസം തുടങ്ങിയവക്കുള്ള ഓപ്പറേഷനും ഇവിടെ നടക്കുന്നുണ്ട്. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ഓപ്പറേഷന്‍ നടത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം ന്യൂറോ സര്‍ജറി വിഭാഗത്തില്‍ 1400 ഓപ്പറേഷനുകളാണ് നടത്തിയത്. നേരത്തെ ആഴ്ചയില്‍ ആറ് എണ്ണമായിരുന്നു നടന്നിരുന്നത്. എന്നാല്‍ പുതിയ ജീവനക്കാരെ നിയമിക്കുകയും തിയേറ്ററില്‍ പുതിയ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തതോടെ ഇത് 12 ആയി വര്‍ധിച്ചു. ശസ്ത്രക്രിയക്ക് കാത്തിരിക്കുന്നവരുടെ എണ്ണം 50ല്‍നിന്ന് 20 ആയി കുറയുകയും ചെയ്തു. എന്നാല്‍ ഈ ജീവനക്കാരുടെ കാലാവധി അവസാനിക്കാറായത് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത്യാഹിതവിഭാഗത്തില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നവയില്‍ 20ലേറെ കേസുകളെങ്കിലും ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ പരിചരണം ആവശ്യമായതാണ്. ഇതില്‍ ശരാശരി നാല് കേസുകളെങ്കിലും ഓപ്പറേഷന്‍ വേണ്ടുന്നവയാണ്.