• Lisha Mary

  • April 2 , 2020

: ബാഴ്സലോണയില്‍ വീണ്ടും ആഭ്യന്തരതര്‍ക്കം. കോവിഡ്--19 കാരണം ലീഗ് മുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ കളിക്കാരുടെ ശമ്പളം 70 ശതമാനം കുറയ്ക്കാന്‍ തീരുമാനമായിരുന്നു. കളിക്കാര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍, കളിക്കാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ ബാഴ്സ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി രംഗത്തെത്തിയതോടെയാണ് പുതിയ തര്‍ക്കം ഉടലെടുത്തത്. സ്പാനിഷ് ഫുട്ബോള്‍ ലീഗ് വമ്പന്മാരായ ബാഴ്സയില്‍ കളിക്കാരുടെ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി എന്ന വാര്‍ത്തകളുണ്ടായിരുന്നു. ചില കളിക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നായിരുന്നു വിശദീകരണം. എന്നാല്‍, കഴിഞ്ഞദിവസം മെസി ഉള്‍പ്പെട്ട കളിക്കാര്‍ 70 ശതമാനം ശമ്പളം കുറയ്ക്കാന്‍ വിസമ്മതമില്ലെന്ന് വ്യക്തമാക്കി. പിന്നാലെ മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടു. ഇതിലായിരുന്നു ബാഴ്സ പ്രസിഡന്റ് ജോസെപ് മരിയ ബര്‍തോമ്യുവിനെ ലക്ഷ്യംവച്ച് മെസി വാക്കുകള്‍ തൊടുത്തത്. 'ഞങ്ങള്‍ ശമ്പളത്തിന്റെ 70 ശതമാനം കുറയ്ക്കാന്‍ എല്ലാത്തരത്തിലും സന്നദ്ധരാണ്. ഇതുവഴി ക്ലബ്ബിലെ സാധാരണ തൊഴിലാളികള്‍ക്ക് 100 ശതമാനം ശമ്പളം കിട്ടുക എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. സ്വമനസ്സാലെ തീരുമാനിച്ചതാണ്. രാജ്യത്തെ നിലവിലെ അവസ്ഥ കൃത്യമായി അറിയാം. ഏതു സാഹചര്യത്തിലും ക്ലബ് ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ മുന്നില്‍ തന്നെയുണ്ടാകും. ഇതിനുമുമ്പ് പലപ്പോഴും പ്രതിസന്ധിഘട്ടത്തില്‍ ഞങ്ങള്‍തന്നെ മുന്‍കൈ എടുത്ത് രംഗത്തുവന്നവരാണ്. ആരുടെയും സമ്മര്‍ദഫലമല്ല തീരുമാനം. ആ രീതിയില്‍ പുറത്തുവരുന്ന കാര്യങ്ങള്‍ ശരിയില്ല-- മെസി കുറിച്ചു. മെസിയുടെ കുറിപ്പ് ബാഴ്സയിലെ മറ്റു താരങ്ങളായ ജെറാര്‍ഡ് പിക്വെ, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ലൂയിസ് സുവാരസ്, ജോര്‍ഡി ആല്‍ബ, ഒണ്‍ടോയ്ന്‍ ഗ്രീസ്മാന്‍, ഫ്രെങ്കി ഡി യോങ്, അര്‍ട്യൂറോ വിദാല്‍, മാര്‍ക് ആന്ദ്രേ ടെര്‍ സ്റ്റെയ്ഗന്‍ എന്നിവരും പങ്കുവച്ചു. ദിവസങ്ങള്‍ക്കുമുമ്പ് ഏകദേശം ഒമ്പതുകോടി രൂപ മെസി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തിരുന്നു. ബാഴ്സലോണയിലെയും അര്‍ജന്റീനയിലെ റൊസാരിയോവിലുള്ള ആശുപത്രികള്‍ക്കാണ് സഹായം നല്‍കിയത്.ബര്‍തോമ്യൂവിനെതിരെ ആദ്യമായല്ല മെസി എതിര്‍പ്പുമായെത്തുന്നത്. താരലേല വിപണിയില്‍ നെയ്മറെ കൊണ്ടുവരാത്തതില്‍ ബോര്‍ഡിനെതിരെ മെസി ആഞ്ഞടിച്ചിരുന്നു. പരിശീലകന്‍ ഏണെസ്റ്റോ വാല്‍വെര്‍ദെയെ പുറത്താക്കിയശേഷം ടെക്നിക്കല്‍ ഡയറക്ടര്‍ എറിക് അബിദാല്‍ നടത്തിയ പ്രസ്താവനയും മെസിയെ ചൊടിപ്പിച്ചിരുന്നു. കളിക്കാരെ സംശയനിഴലിലാക്കരുതെന്നായിരുന്നു മെസിയുടെ പ്രതികരണം. കളിക്കാരും ബോര്‍ഡും തമ്മിലുള്ള തര്‍ക്കം തീര്‍ന്നില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ശമ്പളം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദം തെളിയിക്കുന്നത്. ലീഗ് മുടങ്ങിയതോടെ ക്ലബ്ബുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ബാഴ്സയ്ക്കു പുറമെ അത്ലറ്റികോ മാഡ്രിഡും കളിക്കാരുടെ വേതനം കുറയ്ക്കാനൊരുങ്ങുകയാണ്. എന്നാല്‍, വമ്പന്മാരായ റയല്‍ മാഡ്രിഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.