• Lisha Mary

  • April 2 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച 21 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് എട്ടുപേര്‍ക്കും ഇടുക്കിയില്‍ അഞ്ചുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ 27 വയസ്സുള്ള ഗര്‍ഭിണിയാണ്. ഇട്ടിവ സ്വദേശിയാണ് ഇവര്‍. സംസ്ഥാനത്ത് ഇതുവരെ 286പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1,65,934 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. വ്യാഴാഴ്ച മാത്രം 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8556 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 7642 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എട്ടു ജില്ലകളെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളെയാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച പോസിറ്റീവായത് ഉള്‍പ്പെടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരില്‍ 200 പേര്‍ വിദേശത്തുനിന്നു വന്ന മലയാളികളാണ്. ഏഴുപേര്‍ വിദേശികളാണ്. സമ്പര്‍ക്കം മൂലം രോഗബാധിതരായവര്‍ 76. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. മറ്റേയാള്‍ ഇടുക്കി സ്വദേശിയും. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഒരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗം ഭേദമായവരില്‍ നാലു വിദേശികളുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.