കാസര്‍ഗോഡ് : കാസര്‍ഗോഡ്: ബളാല്‍ ഭഗവതീ ക്ഷേത്രത്തിന്റെ പാടശേഖരം എപ്പോഴും സജീവമാണ്. നെല്‍കൃഷിയും പച്ചക്കറി കൃഷിയുമൊക്കെയായി ഈ പാടശേഖരം എന്നും വിളഞ്ഞു നില്‍ക്കുന്നതിന് പിന്നില്‍ ബളാല്‍ പഞ്ചായത്തിലെ പത്ത് അമ്മമാര്‍ ചേര്‍ന്ന ഒരു സൗഹൃദ കൂട്ടായ്മയാണ്. ഇതുവരെ ഈ അമ്മമാര്‍ ചെറിയ തോതില്‍ ആണ് ഈ മണ്ണില്‍ കൃഷിയിറക്കി പൊന്ന് വിളയിച്ചതെങ്കില്‍, ഇത്തവണ ഇവര്‍ക്ക് കൈതാങ്ങായി ബളാല്‍ കൃഷിഭവനും ഒപ്പം ചേര്‍ന്നു. കൃഷി വകുപ്പിന്റെ പയര്‍ വര്‍ഗ വിളകളുടെ വിസ്തൃതി വ്യാപനം എന്ന പദ്ധതി പ്രകാരമാണ് രണ്ടര ഹെക്ടറോളം വരുന്ന വയലില്‍ അമ്മമാരുടെ കൃഷി തുടങ്ങിയത്. നെല്‍കൃഷി വിളവെടുക്കാന്‍ ഇത്തവണ അല്‍പം വൈകിയതിനാല്‍ പയറു കൃഷിയും വൈകിയാണ് കൃഷി ചെയ്തത്. കുറ്റിപ്പയര്‍, ചെറുപയര്‍, മുതിര എന്നിവയാണ് പ്രധാനമായും ഇപ്പോള്‍ പാടത്ത് കൃഷി ചെയ്യുന്നത്. സാധാരണ നെല്‍കൃഷി വിളവെടുപ്പ് കഴിഞ്ഞാല്‍ വയല്‍ തരിശാക്കി ഇടുകയാണ് പതിവ്. എന്നാല്‍ ഈ സാഹചര്യമൊഴിവാക്കാനാണ് ബളാല്‍ കൃഷിഭവന്‍ ലഭ്യമായ സ്ഥലം ഉപയോഗിച്ച് പുതിയ പദ്ധതി നടപ്പാക്കുന്നത്. വരും വര്‍ഷങ്ങളിലും പദ്ധതി തുടരാന്‍ കഴിയുമെന്നും വനിതാ കര്‍ഷകരെ കൃഷിയിലേക്ക് തിരികെ കൊണ്ടു വരാനും കൂടുതല്‍ കൃഷിയിടങ്ങള്‍ ഉപയോഗ യോഗ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബളാല്‍ കൃഷി ഓഫീസര്‍ അനില്‍ സെബാസ്റ്റ്യന്‍ പറയുന്നു. ബളാല്‍ പാടത്ത് പയര്‍ വിളയുന്നു കേവലം ഒരു കാര്‍ഷിക കൂട്ടായ്മ എന്നതിനപ്പുറം അമ്മമാരുടെ സൗഹൃദ കൂട്ടായ്മയാണ് ബളാല്‍ ക്ഷേത്ര പാടശേഖരത്തില്‍ പൊന്നു വിളയിക്കുന്നത്. ഈ അമ്മമാര്‍ ഇവിടെ കൃഷിയിറക്കി ഇതിന് മുമ്പും വിജയഗാഥ രചിച്ചിട്ടുണ്ട്. സ്വന്തമായി പച്ചക്കറി കൃഷിയിറക്കുന്നതിലൂടെ, കുടുംബത്തിലുള്ളവരുടെയും ഗുണഭോക്താക്കളുടെയും ആരോഗ്യം ഉറപ്പുവരുത്തുകയും അതോടെപ്പം കൃഷിയോടുള്ള ആഭിമുഖ്യം പുതു തലമുറയിലേക്ക് പകരുകയും ആണ് ഇവര്‍ ചെയ്യുന്നത്.ത്രേസ്യാമ്മ,ബാലമണി,ഗംഗാ ദേവി,ബേബി, വി ഓമന, ശ്യാമള, പുഷ്പകുമാരി, പദ്മിനി, തങ്കമ്മ, ഓമന ഇവരാണ് ഈ അമ്മമാര്‍. തങ്ങളുടെ ആവശ്യത്തിനുള്ളത് കഴിഞ്ഞ് മിച്ചം വരുന്ന പച്ചക്കറികള്‍ കുടുംബശ്രീ, പ്രാദേശിക വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങിയവ വഴി വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഈ അമ്മമാര്‍ ഒരോ സ്വരത്തില്‍ പറയുന്നു. പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലാണ് അമ്മമാര്‍ കൃഷിയിറക്കുന്നത്. പ്രദേശവാസികളായ കര്‍ഷകരായ ബി ശശിധരന്‍, പി കെ രാമചന്ദ്രന്‍,എം മാധവന്‍ എന്നിവരും സര്‍വ്വ പിന്തുണയുമായി ഇവര്‍ക്കൊപ്പം ഉണ്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി