• admin

  • January 31 , 2020

പാരിസ് : ഫ്രാന്‍സില്‍ അഗ്‌നിശമനസേനാ തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം വിജയിച്ചു. അപകടസാധ്യതയുള്ള തൊഴിലിനുള്ള ബോണസ് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. 1990 മുതല്‍ മാറ്റമില്ലാതെ തുടര്‍ന്ന ബോണസ് വിഹിതം വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. 19 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് ബോണസ് വര്‍ധിപ്പിച്ചിരിക്കുന്നത്. തൊഴിലിടങ്ങളില്‍ നല്‍കിയ അധിക സമയം കണക്കില്‍പ്പെടുത്തിക്കൊണ്ട് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പ്രായത്തിന് മുന്നേ തന്നെ പൂര്‍ണ പെന്‍ഷനോടെ വിരമിക്കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചു. പതിനായിരക്കണക്കിന് തൊഴിലാളികളാണ് തൊഴില്‍ ബഹിഷ്‌കരിച്ചുകൊണ്ട് സമരത്തിനിറങ്ങിയിരുന്നത്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുകയാണെന്നും ഫെബ്രുവരി ഒന്ന് മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാമെന്നും തൊഴിലൊളികള്‍ സമ്മതിച്ചിട്ടുണ്ട്. വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പെട്ടെന്നുതന്നെ തീരുമാനം കൈക്കൊള്ളണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം പെന്‍ഷന്‍ സമ്പ്രദായ പരിഷ്‌കരണത്തിനെതിരെ ഫ്രാന്‍സില്‍ തുടരുന്ന സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും വരും ദിവസങ്ങളില്‍ ഈ സമരങ്ങളുടെ ഭാഗമാവുമെന്നും തൊഴിലാളികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.