• admin

  • January 30 , 2020

: ലണ്ടന്‍: ഇന്ത്യയുടെ പൗരത്വനിയമഭേദഗതിക്കെതിരേ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ ചര്‍ച്ചതുടങ്ങി. ചര്‍ച്ച പൂര്‍ത്തിയാക്കി പ്രമേയങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. പാര്‍ലമെന്റിലെ ഒന്നാമത്തെ വലിയകക്ഷിയായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി, രണ്ടാം കക്ഷി പ്രോഗ്രസീവ് അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് ആന്‍ഡ് ഡെമോക്രാറ്റ് സഖ്യം എന്നിവരാണ് പ്രമേയങ്ങള്‍ കൊണ്ടുവന്നത്. പൗരത്വനിയമഭേദഗതി ഭിന്നതയുണ്ടാക്കുന്നതും വിവേചനപരവുമാണെന്നാണ് പ്രമേയം ആരോപിക്കുന്നത്. 751 അംഗ പാര്‍ലമെന്റിലെ 559 അംഗങ്ങളുടെ പിന്തുണ പ്രമേയങ്ങള്‍ക്കുണ്ടെന്നും പറയുന്നു. അന്താരാഷ്ട്ര ഉടമ്പടി ലംഘിക്കുന്നതും സാമൂഹികമായി വിവേചനമുണ്ടാക്കുന്നതുമായ നിയമത്തില്‍ നിന്ന് പിന്തിരിയണമെന്നും പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നും നരേന്ദ്രമോദി സര്‍ക്കാരിനോട് പ്രമേയം ആവശ്യപ്പെടുന്നു. ജനങ്ങള്‍ക്കിടയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താനും മുസ്ലിങ്ങള്‍ക്കെതിരേ വിവേചനവും അസഹിഷ്ണുതയും ഉണ്ടാക്കുന്ന നീക്കങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും ആവശ്യപ്പെടുന്നുണ്ട്. സി.എ.എ. സാമുദായിക അസഹിഷ്ണുതയും വിവേചനവും വര്‍ധിപ്പിച്ച് അപകടകരമാംവിധം ഭിന്നത സൃഷ്ടിക്കുമെന്നും പ്രമേയങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ പൗരത്വപ്പട്ടികയിലുള്ള ആശങ്കയും പ്രമേയം പങ്കുവെക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനായുള്ള എന്‍.ആര്‍.സി. ലക്ഷക്കണക്കിനുപേരുടെ പൗരത്വം നഷ്ടപ്പെടാന്‍ ഇടയാക്കും. രാജ്യത്ത് അതിനെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ മനുഷ്യത്വരഹിതമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചതായും ആരോപിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സര്‍വീസുകളടക്കം നിര്‍ത്തിവെച്ചതിലും വിമര്‍ശനമുണ്ട്. അതിനിടെ, സി.എ.എ. നടപ്പാക്കുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന മറ്റൊരു പ്രമേയവും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രമേയം ചര്‍ച്ചചെയ്യാനുള്ള യൂറോപ്യന്‍ പാര്‍ലമെന്റിന്റെ നീക്കത്തിനെതിരേ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തരവിഷയത്തിലുളള കൈകടത്തലാണ് ഇതെന്നാണ് ആരോപണം. അതിന് ബാഹ്യശക്തികള്‍ക്ക് അധികാരമില്ലെന്നും നേതാക്കള്‍ പറയുന്നു.