• admin

  • February 7 , 2020

കാസർഗോഡ് :

പൂര്‍ണ്ണമായും ഹരിത ചട്ടത്തിലേക്കെത്താനുള്ള കാറഡുക്ക ബ്ലോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് നടപ്പാക്കിയ  ഗ്രീന്‍ കാറഡുക്ക പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ഹരിത ചട്ടത്തിലേക്ക് പൂര്‍ണ്ണമായി മാറിക്കഴിഞ്ഞു.   ബ്ലോക്ക് പഞ്ചായത്തിന്റെ പരിപാടികള്‍ക്കെല്ലാം ഭക്ഷണം വിളമ്പാന്‍ സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത്. ഇതിനായി ബ്ലോക്ക് തന്നെ പാത്രങ്ങള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലും പ്ലാസ്റ്റിക്ക്, പേപ്പര്‍ പാത്രങ്ങള്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കി.
വിദ്യാലയങ്ങളില്‍ തുടക്കം
ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കളക്ടേഴ്സ് അറ്റ് സ്‌കൂള്‍ എന്ന പേരില്‍ ജില്ലയിലെ സ്‌കൂള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണ പരിപാടിയില്‍ കാറഡുക്ക ബ്ലോക്കിലെ മൂന്ന് സ്‌കൂളുകള്‍ തിരഞ്ഞെടുത്ത് മാലിന്യ ശേഖരണത്തിനായി പെട്ടികള്‍  നല്‍കി. പെറ്റ് ബോട്ടില്‍സ്, കട്ടി കൂടിയ കുപ്പികള്‍, കടലാസുകള്‍, പാല്‍ പാക്കറ്റുകള്‍ തുടങ്ങി വിവിധ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള പെട്ടികളാണ് നല്‍കിയത്. കാറഡുക്ക ജി.വി.എച്ച്.എസ്.എസ്, ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ്, കുറ്റിക്കോല്‍ ജി.വി.എച്ച്.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് ബ്ലോക്ക് മാലിന്യ ശേഖരണ പെട്ടികള്‍ നല്‍കിയത്. സ്റ്റുഡന്റ് പോലീസ്, എന്‍.എസ്.എസ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘങ്ങള്‍ ആഴ്ചയില്‍ സ്‌കൂള്‍ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വേര്‍തിരിച്ച് പെട്ടികളില്‍ നിക്ഷേപിക്കും. ഇത്തരത്തില്‍ ശേഖരിച്ചുവെക്കുന്ന മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനയുടെ സഹായത്തോടെ നീക്കം ചെയ്യും. നെല്ലിയടുക്കത്തെ പ്ലാസ്ററിക്ക് ഷ്രെഡ്ഡിങ് യൂണിറ്റിലെത്തിച്ച് സംസ്‌ക്കരിക്കും.
ബ്ലോക്ക് പരിധിയിലെ ബേഡഡുക്ക പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഞ്ച് സ്‌കൂളുകള്‍ക്ക് പ്ലാസ്റ്റിക് ശേഖരണ പെട്ടി നല്‍കിയിരുന്നു. കൊളത്തൂര്‍ എച്ച്.എസ്, കുണ്ടംകുഴി എച്ച്.എസ്, കുണ്ടംകുഴി എച്ച്.എസ്.എസ്, മുന്നാട് എച്ച്.എസ്, മുന്നാട് യുപി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് ബേഡഡുക്ക പഞ്ചായത്ത് പ്ലാസ്റ്റിക് ശേഖരണപ്പെട്ടി നല്‍കിയത്. സ്‌കൂളുകള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേനയെ ഉപയോഗിച്ച് നീക്കം ചെയ്യും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെല്ലിയടുക്കത്ത് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റില്‍ സംസ്‌ക്കരിക്കും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആര്‍.ആര്‍.എഫ് കേന്ദ്രം പണി പുരോഗമിക്കുകയാണ്.
പൂര്‍ണ്ണമായും ബ്ലോക്കിനെ പ്ലാസ്റ്റിക് മുക്തമാകുന്നതിന്റെ ഭാഗമായി വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് തുണി സഞ്ചി നിര്‍മ്മാണത്തിന് സബ്സിഡി നല്‍കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ബ്ലോക്ക് അധികൃതര്‍ അിറയിച്ചു. കൂടാതെ ബ്ലോക്ക് പഞ്ചായത്തും ഘടക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവ മാലിന്യ സംസ്‌കരണത്തിനായി തുമ്പൂര്‍മൊഴി മാലിന്യ സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങളും  നടന്നുവരികയാണ്.