കൽപ്പറ്റ : മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വയനാട്ടിലെ ഇ.എസ്.എ വില്ലേജുകളുടെ നിർണ്ണയം മലയോര മേഖലയിൽ സൃഷ്ടിച്ച ആശങ്കകളും ആ ആകുലതകളും സംസ്ഥാന സർക്കാർ ഗൗരവമായി കാണണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
ജൂലൈ 27ന് പുറപ്പെടുവിച്ച ഇ.എസ്.എ സംബന്ധിച്ച ഏഴാമത് കരട് വിജ്ഞാപനത്തിന്റെ 60 ദിവസത്തെ കാലാവധി സെപ്തം.24നാണ് അവസാനിക്കുന്നത്.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം കൃഷി,ജനവാസ കേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പ്രത്യേക നിയമ സഭാ സമ്മേളനം വിളിച്ച് വിജ്ഞാപനം തള്ളാൻ സർക്കാർ തയ്യാറാവണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
കർഷക താൽപര്യം സംരക്ഷിക്കാതെ അന്തിമ വിജ്ഞാപനം വന്നാൽ മലയോരത്ത് വലിയ കുടിയിറക്കിന് കാരണമാവുന്നതാണ്.കർഷകനും സാധാരണക്കാരനും മറ്റും കൃഷിഭൂമിയോ കിടപ്പാടമോ നഷ്ടപ്പെടാതിരിക്കാനുള്ള സമ്മർദ്ദം സംസ്ഥാന സർക്കാറിൽ നിന്നുണ്ടാവണം.മുൻ സർക്കാറിന് വിദഗ്ദ സമിതിയിൽ ഇ.എസ്.എയിലെ അപാകത ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.ആ സാഹചര്യം ഉണ്ടാവരുതെന്ന് നിവേദനത്തിലുണ്ട്.കൃഷി ഭൂമി എല്ലാ ഭാഗത്തും വനപ്രദേശങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നതാണ് വയനാടിന്റെ പ്രധാന സവിശേഷത. 60 ശതമാനമോ,അതിലധികമോ വനം ഉൾപ്പെട്ടതും ജനസാന്ദ്രത ച.കി.മീറ്ററിന് 100 ൽ താഴെയുള്ള വില്ലേജുകളാണ് ഇ.എസ്.എയുടെ പരിധിയിൽ ഉൾപ്പെടുത്താവൂ എന്നാണ് കസ്തുരി രംഗന്റെ നിർദ്ദേശം.അതിന് വിരുദ്ധമായ നടപടിയാണ് കരട് വിജ്ഞാപനത്തിലുള്ളത്.പ്രാദേശിക ജനങ്ങളുടെ മുൻകൂർ സമ്മതമോ പങ്കാളിത്വമോ ഇല്ലാതെ ഇ.എസ്.എ ഏകപക്ഷീയമായി ഏർപ്പെടുത്തുന്നത് സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ഇടയാക്കും.
2014 മാർച്ച് 10നാണ് ആദ്യകരട് വിജ്ഞാപനമിറങ്ങിയത്.2024 ജൂലൈ 31ന് ആറാമത് കരട് വിജ്ഞാപനവും ഇറങ്ങി.ഏഴാമത് വിജ്ഞാപനത്തിൽ പരാതികളും നിർദ്ദേശങ്ങളും നൽകാൻ കുറഞ്ഞ സമയമാണ് അനുവദിച്ചത്. ചെറിയ ഭാഗമാണ് ഇ.എസ്.എ വില്ലേജുകളിൽ ഉൾപ്പെടുന്നതെങ്കിലും ആ വില്ലേജ് മുഴുവൻ ഇ.എസ്.എയിൽ പെടുത്തുന്നത് നീതീകരണമല്ല.മതിയായ രേഖകളോടുകൂടി താമസിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന ജനവാസ കേന്ദ്രങ്ങൾ,കൃഷിഭൂമികൾ,തോട്ടങ്ങൾ, ടൗൺഷിപ്പുകൾ,ആരാധനാലയങ്ങൾ,സർക്കാർ – അർദ്ധസർക്കാർ,സ്വകാര്യ- പൊതുമേഖല സ്ഥാപനങ്ങൾ,മറ്റു പരമ്പരാഗത മനുഷ്യ വിനിയോഗ പ്രദേശങ്ങൾ എന്നിവയെല്ലാം ഇഎസ് പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് നിവേദത്തിൽ ചൂണ്ടിക്കാട്ടി.ജൈവ വൈവിധ്യ സമ്പന്ന മേഖലയായ പശ്ചിമഘട്ടം സംരക്ഷിക്കപ്പെടുന്നതോടൊപ്പം കർഷകരുടെയും കാർഷിക മേഖലയുടെയും സുരക്ഷ ഉറപ്പാക്കപ്പെടണമെന്നും നിവേദനത്തിലുണ്ട്.
