• admin

  • February 23 , 2020

കോഴിക്കോട് : കുസൃതി കാണിച്ചു നടക്കേണ്ട പ്രായത്തില്‍ തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശി അഭിജിത്തിനിഷ്ടം അച്ഛന്‍റെ സ്വര്‍ണ്ണപ്പണിമുറിയിലെ കൗതുകങ്ങളാണെങ്കില്‍ പന്തളത്തെ പതിനൊന്നുകാരി സത്യയ്ക്ക് അമ്മയുടെ ബ്യൂട്ടി പാര്‍ലറിലെ നിറങ്ങളോടാണ് പ്രിയം. ഈ കൗതുകങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട നൈപുണ്യമാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിയായ അഭിജിത്തിനെയും അഞ്ചാം ക്ലാസുകാരി സത്യയെയും ഇന്ത്യ സ്കില്‍സ് കേരള 2020 യുടെ സംസ്ഥാനതല ഫൈനല്‍ മത്സരങ്ങള്‍ വരെയെത്തിച്ചത്. തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പ് കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കെയ്സ്) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നൈപുണ്യമേളയാണ് ഇന്ത്യ സ്കില്‍സ് കേരള 2020. ഓടി നടക്കാറായപ്പോള്‍ മുതല്‍ അഭിജിത്ത് അച്ഛന്‍ ഷാജിയുടെ കൂടെ ഏത്തനക്കോടത്തില്‍ (സ്വര്‍ണ്ണപ്പണിമുറി) കയറിത്തുടങ്ങി. വെറും കുട്ടിക്കളിയ്ക്കപ്പുറത്തേക്കുള്ള മകന്‍റെ കഴിവുകള്‍ മനസിലാക്കിയ ഷാജി നല്ല പ്രോത്സാഹനം നല്‍കി. കളമശ്ശേരിയില്‍ നടന്ന സോണല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് തൊടുപുഴ കരിമണ്ണൂര്‍ സെ. ജോസഫ് സ്കൂളിലെ ഈ പതിമൂന്നുകാരന്‍  ഫൈനല്‍ മത്സരങ്ങള്‍ക്കായി കോഴിക്കോട്ടെത്തിയത്. വെള്ളിയില്‍ മാല തീര്‍ക്കലായിരുന്നു അവിടെ നല്‍കിയ ഇനം. സ്കൂളിലാര്‍ക്കും അഭിജിത്തിന്‍റെ ഈ കഴിവിനെക്കുറിച്ച് ഇതുവരെ അറിയില്ലായിരുന്നു. മേഖലാ മത്സരങ്ങളിലേക്ക് തെരഞ്ഞെടുത്ത കാര്യം പറഞ്ഞപ്പോള്‍ തന്നെ അധ്യാപകര്‍ മികച്ച പ്രോത്സാഹനമാണ് തന്നതെന്നും അഭിജിത്ത് പറഞ്ഞു. ബിന്ദു-ഷാജി ദമ്പതികളുടെ രണ്ട് മക്കളും ആഭരണ നിര്‍മ്മാണത്തില്‍ തത്പരരാണ്. അഭിജിത്തിന്‍റെ ചേച്ചി കൃഷ്ണപ്രിയ കമ്മലിന്‍റെ മിനുക്കുപണിയില്‍ മിടുക്കിയാണ്. സ്വന്തമായും കൂട്ടുകാരികള്‍ക്കു വേണ്ടിയുമൊക്കെ കമ്മലുകള്‍ കൃഷ്ണപ്രിയ തയ്യാറാക്കി നല്‍കുന്നുണ്ട്. പന്തളത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന അമ്പിളി ഉദയന്‍റെയും കോണ്‍ട്രാക്ടറായ ഉദയകുമാറിന്‍റെയും രണ്ടാമത്തെ മകളാണ് സത്യ. കുട്ടികളെ ഒറ്റയ്ക്ക് വീട്ടില്‍ നിറുത്താന്‍ മടിയുള്ളതുകൊണ്ട് ചെറുപ്രായം മുതല്‍ക്കു തന്നെ ചേച്ചിയായ ഭാമയെയും സത്യയെയും അമ്പിളി ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടു പോകുമായിരുന്നു. അവിടെ  അമ്മയില്‍നിന്നാണ്  സത്യ സൗന്ദര്യപരിപാലന രീതികള്‍ മനസിലാക്കിയത്. എട്ടു വയസ്സുള്ളപ്പോള്‍ തന്നെ കുടുംബത്തിലെ പല വിവാഹങ്ങളിലും  മേക്കപ്പില്‍ അമ്മയ്ക്കൊപ്പം സത്യയും കൂടുമായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ക്കാണ് ഈ രംഗത്ത് മകള്‍ക്ക് അഭിരുചിയുണ്ടെന്ന് ഉദയനും അമ്പിളിയും മനസിലാക്കുന്നത്. അണിഞ്ഞൊരുങ്ങാനെത്തുന്നവര്‍ കൂടി പിന്തുണച്ചതോടെ ചെറിയ സൗന്ദര്യപരിപാലന രീതികള്‍ സത്യയെ കൊണ്ട് ചെയ്യിച്ചു തുടങ്ങി. ഇപ്പോള്‍ അമ്മയ്ക്കൊപ്പം വിവാഹ മേക്കപ്പുകളില്‍ സ്ഥിരമായി ഈ കൊച്ചുമിടുക്കിയും  പോകുന്നുണ്ട്. ഇന്ത്യ സ്കില്‍സ് കേരള മത്സരത്തിനായി സത്യയ്ക്ക് പ്രോത്സാഹനം നല്‍കിയത് അമ്പിളിയുടെ പാര്‍ലറിലെത്തുന്നവരായിരുന്നുവെന്ന്  ഉദയകുമാര്‍ പറഞ്ഞു. സത്യയുടെ പരിശീലനത്തിനായി പത്തു പേരോളം സ്വയം മുന്നോട്ടു വന്നു. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സ്ക്കൂളിലെ അധ്യാപകരുടെ പ്രോത്സാഹനവും സഹകരണവും ഉണ്ടായിരുന്നുവെന്ന് ഉദയകുമാര്‍ ചൂണ്ടിക്കാട്ടി. പന്തളം എന്‍എസ്എസ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സത്യ. വൈകീട്ട് ട്യൂഷനു ശേഷം അമ്മയുടെ ബ്യൂട്ടിപാര്‍ലറില്‍ സഹായിക്കാന്‍ പോകും. കൂട്ടികാരികളില്‍ പലര്‍ക്കും സത്യയുടെ കഴിവിനെക്കുറിച്ചറിയാമെങ്കിലും ആരിലും ഇതു വരെ പരീക്ഷണം നടത്തിയിട്ടില്ലെന്ന് ചെറു ചിരിയോടെ മറുപടി നല്‍കി. 39 ഇനങ്ങളിലായി നടക്കുന്ന സംസ്ഥാനതല മത്സരങ്ങളില്‍ 253 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഇവിടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് ദേശീയ മത്സരത്തിലും തുടര്‍ന്ന ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന അന്തര്‍ദേശീയ നൈപുണ്യ മത്സരത്തിലും പങ്കെടുക്കാം. സംസ്ഥാന മത്സരങ്ങള്‍ കടന്ന്  ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത്  മുന്നിലെത്തുന്നവര്‍ക്ക് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ്   സ്കില്‍സ് മേളയിലും പങ്കെടുക്കാം. കൂടാതെ ഇന്ത്യ സ്കില്‍സ് കേരളയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 50,000 രൂപയും ഫൈനലില്‍ എത്തുന്നവര്‍ക്ക് പതിനായിരം രൂപയും ലഭിക്കും.  ത്രിദിന ഇന്ത്യ സ്കില്‍സ് 2020 കേരള തിങ്കളാഴ്ച സമാപിക്കും.