• Lisha Mary

  • March 10 , 2020

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ പൂനൈയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായിയില്‍ നിന്നെത്തിയ ദമ്പതികള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മാര്‍ച്ച് ഒന്നിനാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇവരുടെ പരിശോധനഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 46 ആയി ഉയര്‍ന്നു. അതിനിടെ കൊറോണ ഭീഷണി അതിരൂക്ഷമായ ഇറാനിലെ ടെഹ്റാനില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തിലെ 58 പേരെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ ഗാസിയാബാദ് എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് ഇവരെ എത്തിച്ചത്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ എംബസി ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ സംഘം, വ്യോമസേന എന്നിവര്‍ക്ക് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നന്ദി അറിയിച്ചു. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ മ്യാന്മറുമായുള്ള അതിര്‍ത്തി അടച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അന്താരാഷ്ട്ര അതിര്‍ത്തി അടച്ചിടുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നടപടി. നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളും അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്.