• Lisha Mary

  • March 9 , 2020

ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പോലെ പാർലമെന്റിലും നിയമസഭയിലും വനിതാ സംവരണം അൻപതു ശതമാനമാക്കി ഉയർത്തണമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. ജില്ല പഞ്ചായത്തിന്റെ സ്ത്രീ സൗഹൃദ കേന്ദ്രത്തിലെ സ്ത്രീ സൗഹൃദ ലൈബ്രറി, യോഗ കേന്ദ്രം, ഡോർമെട്രി സംവിധാനം, കൗണ്സിലിംഗ് സെന്റർ, സൗജന്യ നിയമസഹായ കേന്ദ്രം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും വനിതാ ദിനാചരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വനിതകൾ രാഷ്ട്രീയ നേതൃത്രത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ജില്ല കൂടിയാണ് ആലപ്പുഴ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ മാറ്റങ്ങൾ ഉണ്ടായാൽ മാത്രമേ സ്ത്രീ പുരുഷ സമത്വം നടപ്പാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കായംകുളം എം എൽ എ യു പ്രതിഭ ചടങ്ങിൽ മുഖ്യതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.