• admin

  • February 29 , 2020

:

ജനീവ: ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ (യു.എന്‍.എച്ച്.ആര്‍.സി.)  ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ച് പ്രതിഷേധവുമായി പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തങ്ങളുടെ രാജ്യത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

ജനീവയിലെ യു.എന്‍.എച്ച്.ആര്‍.സിക്കുമുന്നിലാണ് പാകിസ്താന്‍ ന്യൂനപക്ഷങ്ങളുടെ സന്നദ്ധ സംഘടന പതിച്ചത്. ആഗോളഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്താന്‍ സൈന്യമാണെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ജനീവയിലെ ബ്രോക്കണ്‍ ചെയര്‍ സ്മാരകത്തിന്റെ സമീപമാണ് പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ലോകസുരക്ഷയ്ക്കു തന്നെ തങ്ങളുടെ രാജ്യം ഭീഷണിയാണെന്നും അതിനാലാണ് പ്രതിഷേധിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. യു.എന്‍.എച്ച്.ആര്‍.സി.യുടെ 43-ാമത് സമ്മേളനം നടക്കുന്നതിനിടെയാണ് പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്. 

9/11 മുതല്‍ ആഗോളഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണ് പാകിസ്താന്‍. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ വസീറിസ്താന്‍ അല്‍ ഖ്വയ്ദയും താലിബാനും പോലുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ള പ്രാദേശിക-അന്താരാഷ്ട്ര ഭീകരവാദികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സന്നദ്ധ സംഘടന പ്രസ്താവനയിലൂടെ ആരോപിച്ചു. 

അന്താരാഷ്ട്ര ഭീകരസംഘടനകള്‍ക്കുള്ള പാകിസ്താന്‍ സൈന്യത്തിന്റെ അനധികൃത സംഭാവനകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി യു.എന്‍.എച്ച്.ആര്‍.സി.യുടെ മുന്നില്‍ പോസ്റ്റര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സന്നദ്ധസംഘടന വ്യക്തമാക്കി. പാകിസ്താന്‍ സൈന്യം-അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന് എഴുതിയ പോസ്റ്റര്‍ ജനീവയിലെ ബ്രോക്കണ്‍ ചെയര്‍ സ്മാരകത്തിനു സമീപം സ്ഥാപിച്ചിരിക്കുന്നതിന്റെ ഫോട്ടോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടു.