• admin

  • February 4 , 2020

പോചെഫ്സ്ട്രൂം : പാകിസ്ഥാനെ പത്ത് വിക്കറ്റിന് തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ പ്രവേശനം ആഘോഷമാക്കി ഇന്ത്യ. 172 റണ്‍സിലേക്ക് പാകിസ്ഥാനെ ഒതുക്കിയ ഇന്ത്യ ജയ്സ്വാളിന്റെ സെഞ്ചുറിയുടേയും ദിവ്യാന്‍ഷ് സക്സേനയുടെ അര്‍ധശതകത്തിന്റേയും ബലത്തില്‍ അനായാസം ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ഇന്ത്യ അണ്ടര്‍19 ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. പാകിസ്ഥാനെ അണ്ടര്‍ 19 സെമി ഫൈനലില്‍ തോല്‍പ്പിക്കുന്നത് ഇത് തുടര്‍ച്ചയായ രണ്ടാം തവണയും. ബംഗ്ലാദേശ്-ന്യൂസിലാന്‍ഡ് സെമി ഫൈനലിലെ വിജയിയെ ഇന്ത്യ ഫൈനലില്‍ നേരിടും. 113 പന്തില്‍ നിന്ന് 8 ഫോറും നാല് സിക്സും പറത്തിയാണ് യശസ്വി ജയ്സ്വാള്‍ 105 റണ്‍സ് നേടിയത്. സെഞ്ചുറിയോടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററുമായി യശസ്വി. അണ്ടര്‍ 19 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് യശസ്വിയും സക്സേനയും ചേര്‍ന്ന് എഴുതിച്ചേര്‍ത്തത്.ചെറിയ വിജയലക്ഷ്യമാണ് മുന്നിലുണ്ടായത് എങ്കിലും കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. എന്നാല്‍ ജയം അടുത്തെത്തിയതോടെ അവര്‍ ആക്രമണത്തിന്റെ തോതും വര്‍ധിപ്പിച്ചു. അബ്ബാസ് അഫ്രീദിയുടെ ഓവറില്‍ യശസ്വി രണ്ട് സിക്സ് പറത്തിയപ്പോള്‍ ബൗണ്ടറിയുമായി സക്സേനയും ഒപ്പം ചേര്‍ന്നു. നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് കാര്യങ്ങള്‍ അനുകൂലമായില്ല. ഇന്നിങ്സിന്റെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ വിക്കറ്റ് വീഴ്ത്തി തുടങ്ങി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് എന്ന നിലയിലേക്ക് വീണെങ്കിലും ഹൈദര്‍ അലിയും നായകന്‍ നിസാറും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ ആ കൂട്ടുകെട്ട് പൊളിച്ച് ജയസ്വാളിന്റെ ഡെലിവറിയെത്തി. അര്‍ധശതകം പിന്നിട്ട ഹൈദര്‍ അലിയെ ജയ്സ്വാള്‍ മടക്കിയതോടെ നിസാറിന്റെ ചുമലിലേക്ക് ഉത്തരവാദിത്വമെല്ലാമെത്തി. എന്നാല്‍ 62 റണ്‍സ് എടുത്ത നിസാറിന് പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. പാക് നിരയില്‍ മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പാകിസ്ഥാന്റെ അവസാന ആറ് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തിയത് 26 റണ്‍സിനിടയിലാണ്.