• Lisha Mary

  • April 12 , 2020

ന്യൂഡൽഹി :

പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യം ഏപ്പോഴും ഉപയോഗിക്കുന്നത് എയർ ഇന്ത്യ വിമാനങ്ങളെയാണ്. കൊറോണ സമയത്ത് പലപ്പോഴായി ഇന്ത്യൻ പൗരന്മാരെയും വിദേശ പൗരന്മാരെയും സ്വദേശങ്ങളിൽ എത്തിക്കുന്നതിനായി കേന്ദ്രസർക്കാർ ആശ്രയിച്ചത് എയർ ഇന്ത്യ വിമാനങ്ങളെയാണ്. ഇപ്പോഴിതാ രാജ്യത്തെ കർഷകർക്ക് തുണയായി വിമാനക്കമ്പനി മാറിയിരിക്കുന്നു.

ഇന്ത്യയിൽ ഉത്‌പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുന്നതിന് വേണ്ടി മാത്രമായാണ് ഇത്തവണ വിമാന സർവീസ് നടത്തുക. ലണ്ടൺ, ജർമനിയിലെ ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്കാണ് ചരക്കുകൾ എത്തിക്കുന്നത്. കൃഷി ഉഡാൻ പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 14 ന് ലണ്ടനിലേക്കും 15ന് ഫ്രാങ്ക്ഫർട്ടിലേക്കുമാണ് ചരക്കുവിമാന സർവീസ് ഉള്ളത്.

വിമാനങ്ങൾ തിരികെ എത്തുമ്പോൾ അതിൽ അവശ്യ മെഡിക്കൽ ഉത്‌പന്നങ്ങൾ ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യയിലെ കർഷകരുടെ ഉത്‌പന്നങ്ങൾ വിദേശങ്ങളിലേക്കെത്തിക്കുന്നതിന് കേന്ദ്രം മുമ്പ് ആവിഷ്കരിച്ച പദ്ധതിയാണ് കൃഷി ഉഡാൻ.

കൊറോണ വ്യാപനത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തി വെച്ചിരുന്നുവെങ്കിലും ചൈനയുമായി ചരക്കുവിമാന സർവീസുകൾ ഇന്ത്യ നിലനിർത്തിയിട്ടുണ്ട്. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇത്. കൊറോണ പ്രതിരോധത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യയ്‍ക്കകത്തും പുറത്തേക്കുമുള്ള ചരക്ക് കൈമാറ്റത്തിന് സ്വകാര്യ വിമാനക്കമ്പനികളും സഹകരിക്കുന്നുണ്ട്. രാജ്യത്തിനകത്തെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം 119 വിമാന സർവീസുകളാണ് എയർ ഇന്ത്യ നടത്തിയത്. സ്പൈസ് ജെറ്റ്, ബ്ലൂ ഡാർട്ട്, ഇൻഡിഗൊ എന്നീ കമ്പനികളും കുറഞ്ഞ നിരക്കിൽ ചരക്ക് വിമാന സർവീസ് നടത്തുന്നുണ്ട്.