ആര്‍ജ്ജവവും ഒരുമയുമുണ്ടെങ്കില്‍ പരിഹരിക്കാന്‍ കഴിയാത്ത ഭൂ പ്രശ്‌നങ്ങളൊന്നും ജില്ലയിലില്ലെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍. ഒരു വര്‍ഷമായി ജില്ലാ കലക്ടറായി പ്രവര്‍ത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന അദാലത്ത് സഫലം 2020 ന്റെ ആദ്യ ഘട്ടം തൊടുപുഴ താലൂക്ക് ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസാരിച്ചിരുന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും സമയം കളയാതെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും സൂചിപ്പിച്ച് പ്രസംഗം ദീര്‍ഘിപ്പിക്കാതെ അദ്ദേഹം അദാലത്തിലേക്ക് കടന്നു. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിന് തൊടുപുഴ തെക്കുംഭാഗത്ത് കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച പരിപാടിയ്ക്കിടെ പരിക്കേറ്റ് ചക്ര കസേരയിലായി ചികിത്സയില്‍ കഴിയുന്ന ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. പി. സഞ്ജയനെ ഇരിപ്പിടത്തില്‍ചെന്ന് കണ്ട് ക്ഷേമമന്വേഷിച്ചശേഷമാണ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലെ അദാലത്തിന് ജില്ലാ കലക്ടര്‍ എത്തിയത്. വിവിധ വിഭാഗങ്ങളിലായി 90 പരാതികള്‍ക്കാണ് പരിഹാരമായത്. അദാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി 96 പരാതികളാണ് ലഭിച്ചത്. ഇതില്‍ ആറെണ്ണത്തിന് ഒഴികെ ബാക്കിയുള്ളവ അദാലത്തില്‍ തീര്‍പ്പാക്കി. പരാതിക്കാരെയും എതിര്‍കക്ഷികളെയും ഒരുമിച്ചിരുത്തി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കളക്ടറുടെ നേതൃത്വത്തില്‍ പരാതികള്‍ പരിശോധിച്ചത്. വിവിധ ഭവന പദ്ധതികള്‍ പ്രകാരം അപേക്ഷിച്ചിട്ടും വീട് ലഭിക്കാത്തവ, വസ്തു അതിര്‍ത്തി തര്‍ക്കം, സര്‍വ്വേ നമ്പര്‍ തിരുത്തല്‍, ബാങ്ക് ലോണ്‍ തിരിച്ചടവും ഇളവ് നല്‍കുന്നതും സംബന്ധിച്ച്, റോഡ് പുറമ്പോക്കിലെയും പുഴയോരത്തേയും ഭൂമി കയ്യേറ്റം, ഭൂമി പോക്ക് വരവ് ചെയ്ത് നല്‍കാത്തത്, റീസര്‍വ്വേ നടപടികള്‍ വൈകുന്നത് സംബന്ധിച്ച വിഷയങ്ങളിലാണ് കൂടുതലായും പരാതി ലഭിച്ചത്. 57 പരാതികള്‍ ലഭിച്ച റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റവും കൂടുതല്‍ പരാതികള്‍. സിവില്‍ സപ്ലൈസ് 1, ഡയറി ഡവലപ്‌മെന്റ് 1, വിദ്യാഭ്യാസ വകുപ്പ് 2, തദ്ദേശ സ്വയം ഭരണം 4, മുനിസിപ്പാലിറ്റി 4, പഞ്ചായത്ത് 19, പോലീസ് 3, പൊതുമരാമത്ത് വകുപ്പ് 1, റൂറല്‍ ഡവലപ്‌മെന്റ് 1, പട്ടികജാതി വികസന വകുപ്പ് 1, സാമൂഹ്യനീതി വകുപ്പ് 2 എന്നിങ്ങനെ 96 പരാതികളാണ് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഇതു കൂടാതെ അദാലത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ കൗണ്ടറില്‍ പുതുതായി 64 പരാതികള്‍ ലഭിച്ചു. ഇവ തരംതിരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരിഹാരത്തിനായി കൈമാറി.  അദാലത്തിലെത്തിയവര്‍ക്കായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡസ്‌കുകള്‍ തയ്യാറാക്കിയിരുന്നു. ഇതുകൂടാതെ എല്ലാ വകുപ്പുകളുടേയും ജില്ലാ തല ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ചികിത്സാ സഹായം, പ്രളയ ദുരിതാശ്വാസം ലൈഫ് പദ്ധതി തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ ഒഴികെയുള്ളവ മാത്രമാണ് ഓണ്‍ലൈനില്‍ സ്വീകരിച്ചത്.