• admin

  • January 8 , 2020

: ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പൊതു പണിമുടക്ക് കേരളം, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ ജനജീവിതത്തെ ബാധിച്ചു. മറ്റിടങ്ങളില്‍ പണിമുടക്ക് കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ലെങ്കിലും ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ചിലയിടങ്ങളില്‍ ഗതാഗത തടസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുപത്തിയഞ്ചു കോടി ജനങ്ങള്‍ പണിമുടക്കില്‍ പങ്കെടുത്തതായാണ് യൂണിയനുകളുടെ അവകാശവാദം. കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ ഒഴികെ ഒരിടത്തം പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ പലയിടത്തും തടസപ്പെടുത്തി. പണം പിന്‍വലിക്കല്‍ പോലെയുള്ള ഇടപാടുകള്‍ നടന്നില്ല. തീവണ്ടി ഗതാഗതം, വൈദ്യുതി ഉത്പാദനം, റിഫൈനറികള്‍ എന്നിവയയെ എവിടെയും പണിമുടക്ക് ബാധിച്ചതായി റിപ്പോര്‍ട്ടുകളില്ല. മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിച്ചു. കേരളത്തില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണമാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. അതേസമയം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കൊച്ചി മെട്രൊ തടസം കൂടാതെ സര്‍വീസ് നടത്തി. പശ്ചിമ ബംഗാളില്‍ പലയിടത്തും ഗതാഗതം തടസപ്പെടുത്തിയതായി വാര്‍ത്തകളുണ്ട്. റെയില്‍, റോഡ് ഗതാഗതം പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. പിന്നീട് പൊലീസ് എത്തി ഇവരെ നീക്കം ചെയ്തു. കൊല്‍ക്കത്തില്‍ സര്‍ക്കാര്‍ ബസുകള്‍ ഓടിയെങ്കിലും സ്വകാര്യ ബസുകള്‍ വളരെ കുറച്ചുമാത്രമാണ് സര്‍വീസ് നടത്തിയത്. മെട്രൊയെയും പണിമുടക്ക് ബാധിച്ചില്ല.