• admin

  • February 11 , 2020

ആലപ്പുഴ : ഹരിത കേരളം മിഷനിലൂടെ പരിസ്ഥിതി പുന:സ്ഥാപനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ആവിഷ്‌ക്കരിച്ച പച്ചത്തുരുത്ത് പദ്ധതി പട്ടണക്കാട് ഗ്രാമപഞ്ചായത്തില്‍ വിജയകരമായി മുന്നേറുന്നു. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് പത്തൊമ്പത് വാര്‍ഡുകളിലും പച്ചത്തുരുത്ത് ഒരുക്കുന്നത്. നിരവധി ഫലവൃക്ഷത്തൈകള്‍ ഇതിനകം തന്നെ ഒന്നര ഏക്കര്‍ സ്ഥലത്ത് വച്ചുപിടിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള പച്ചത്തുരുത്തുകള്‍ കാലത്തിന്റെ ആവശ്യമാണെന്ന് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രമോദ് പറഞ്ഞു. പഞ്ചായത്ത് പരിധിയില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തി പദ്ധതി വിപുലപ്പെടുത്താനുളള ശ്രമത്തിലാണ് പഞ്ചായത്ത്. 3,97,941 രൂപ ചെലവഴിച്ചാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ പൊതുസ്ഥലങ്ങള്‍ക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളും പദ്ധതിക്ക് ഉപയോഗിക്കുന്നുണ്ട്. മൊത്തം മൂന്ന് ഏക്കര്‍ സ്ഥലമാണ് പച്ചത്തുരുത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഒരു സ്ഥലത്ത് ഒരേ ഇനം വിള എന്ന മാനദണ്ഡത്തിലാണ് ഫലവൃക്ഷങ്ങളാണ് നടുന്നത്. തനത് വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.വൃക്ഷത്തൈകളുടെ പരിചരണച്ചുമതല ഓരോ പ്രദേശത്തേയും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. അര സെന്റ് മുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകളുണ്ടാക്കും.