• admin

  • February 29 , 2020

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയായി. സമാനതകളില്ലാത്ത ഈ നേട്ടത്തിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന തിരുവനന്തപുരം ജില്ലാതല കുടുംബസംഗമത്തില്‍ 35,000ത്തിലധികം പേര്‍ പങ്കെടുക്കും. ഇതോടെ ഇന്ത്യയില്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും. ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തില്‍ വിപുലമായ പരിപാടികളോടെ ഗുണഭോക്താക്കളുടെ ഒത്തുചേരല്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ സംഘടിപ്പിക്കും. പൂര്‍ത്തീകരണ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ലൈഫ് മിഷന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/lifemissionkerala യിലൂടെ ലൈവായി കാണാനാവും. പരിപാടിയുടെ വെബ് ലൈവ് സ്ട്രീമിങും ഉണ്ടാകും. ലൈഫ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുത്തരിക്കണ്ടത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് നല്‍കും. കേരളത്തിന്റെ സമഗ്ര വികസനവും ദുരിതബാധിതര്‍ക്കുള്ള സത്വര ക്ഷേമ നടപടികളും ഉള്‍പ്പെടുന്ന ബഹുമുഖ പദ്ധതിയായ നവകേരള മിഷനിലെ പ്രധാന പദ്ധതിയാണ് ലൈഫ്. കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷന്‍ പദ്ധതി വിഭാവനം ചെയ്തത്. ഒന്നാംഘട്ടത്തില്‍ 2000-2001 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ യാഥാര്‍ഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷന്‍ ഏറ്റെടുത്ത ദൗത്യം. ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്ന 54,173 വീടുകളില്‍ 52,050 (96.08 %) വീടുകള്‍ ഇതിനകം നിര്‍മ്മിച്ചു. ഈ ഘട്ടത്തില്‍ ഓരോ ഗുണഭോക്താവിനും വീടുപൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുക നല്‍കിയാണ് നിര്‍മ്മാണം നടത്തിയത്. ഒന്നാം ഘട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 670 കോടിയോളം രൂപയാണ്. ലൈഫ് രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണവും മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തില്‍ രേഖാപരിശോധനയിലൂടെ 1,00,460 ഗുണഭോക്താക്കളാണ് അര്‍ഹത നേടിയത്. ഇവരില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ടത് 92,213 പേരാണ്. ഇവരില്‍ 74674 (80.97 %) ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കി. ലൈഫ് മിഷനിലൂടെ നടപ്പിലാക്കുന്ന ഭവനനിര്‍മ്മാണങ്ങള്‍ക്ക് പുറമെ ലൈഫ് പി.എം.എ.വൈ. (അര്‍ബന്‍) പദ്ധതി പ്രകാരം 79,520 ഗുണഭോക്താക്കള്‍ കരാര്‍ വച്ച് പണി ആരംഭിക്കുകയും 47,144 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ലൈഫ് പി.എം.എ.വൈ. (റൂറല്‍) പദ്ധതി പ്രകാരം 17,475 ഗുണഭോക്താക്കള്‍ കരാര്‍ വച്ച് പണി ആരംഭിക്കുകയും 16,640 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ലൈഫ് രണ്ടാം ഘട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 5,851.23 കോടി രൂപയാണ്. ലൈഫ് പി.എം.എ.വൈ (റൂറല്‍) ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച 612.60 കോടി രൂപയും ലൈഫ് പി.എം.എ.വൈ (അര്‍ബന്‍) ക്കായി ചെലവഴിച്ച 2,263.63 കോടി രൂപയും ഇതില്‍ ഉള്‍പ്പെടും. ഇതുകൂടാതെ, മറ്റ് വകുപ്പുകളുടെ ഭവനനിര്‍മ്മാണ പദ്ധതികളും പൂര്‍ത്തിയാക്കി വരുന്നു. പട്ടികജാതി വകുപ്പിനു കീഴില്‍ 18,811 വീടുകളും പട്ടികവര്‍ഗ വകുപ്പിനു കീഴില്‍ 738 വീടുകളും പൂര്‍ത്തീകരിച്ചു. ഫിഷറീസ് വകുപ്പ് നിര്‍മിച്ച വീടുകളുടെ എണ്ണം 3,725 ആണ്. ഇതെല്ലാം കണക്കാക്കുമ്പോള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ പൂര്‍ത്തിയാക്കിയത് 2,14,000 ത്തില്‍പ്പരം വീടുകളാണ്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മിച്ചത്. 32,388 വീടുകളാണ് ജില്ലയില്‍ നിലവില്‍ പൂര്‍ത്തിയായത്. 24,898 വീടുകള്‍ പൂര്‍ത്തീകരിച്ച് പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കൊല്ലം ജില്ലയില്‍ 18,470 വീടുകള്‍ പൂര്‍ത്തിയാക്കി. പത്തനംതിട്ടയില്‍ 5,594 ഉം ആലപ്പുഴയില്‍ 15,880 കോട്ടയം, ഇടുക്കി ജില്ലകളില്‍ യഥാക്രമം 7,983 ഉം 13,531 ഉം എറണാകുളത്ത് 14,901 ഉം തൃശൂരില്‍ 15,604 ഉം മലപ്പുറത്ത് 17,994 ഉം കോഴിക്കോട് 16,381 ഉം വയനാട് 13,596ഉം കണ്ണൂരും കാസര്‍ഗോഡും യഥാക്രമം 9,236, 7,688 വീടുകളും പൂര്‍ത്തിയായി. ലൈഫ് മൂന്നാം ഘട്ടത്തില്‍ 1,06,925 ഗുണഭോക്താക്കളെ അര്‍ഹരായി കണ്ടെത്തി. മൂന്നാം ഘട്ടത്തില്‍ പ്രധാനമായും ഭവനസമുച്ചയങ്ങളാണ് നിര്‍മിക്കുന്നത്. പ്രീഫാബ് സാങ്കേതിക വിദ്യയാണ് നിര്‍മാണത്തിനായി ഉപയോഗിക്കുക. മൂന്നാം ഘട്ടത്തിന്റെ പരീക്ഷണാടിസ്ഥാനത്തില്‍ അടിമാലിയില്‍ 217 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഭവനസമുച്ചയം പൂര്‍ത്തീകരിച്ച് അടിമാലി ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ ഭൂരഹിത ഭവനരഹിതര്‍ക്കും വീട് കൈമാറിക്കഴിഞ്ഞു. 163 ഗുണഭോക്താക്കള്‍ക്കാണ് നിലവില്‍ അവിടെ വീടുകള്‍ ലഭിച്ചത്. ബാക്കി വീടുകള്‍ മറ്റ് പഞ്ചായത്തുകളിലെ ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളെ കണ്ടെത്തി ഉടന്‍ കൈമാറും. അങ്കമാലിയില്‍ 12 കുടുംബങ്ങള്‍ക്കായുള്ള ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ഫെബ്രുവരി 15ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്തു. മൂന്നാം ഘട്ടത്തില്‍ ഈ വര്‍ഷം 100 ഭവന സമുച്ചയങ്ങളാണ് പൂര്‍ത്തീകരിക്കുക. ഇതില്‍ 12 പൈലറ്റ് ഭവന സമുച്ചയങ്ങളുടെ ടെന്‍ഡര്‍ അവാര്‍ഡ് ചെയ്ത് പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2020ന് മുമ്പ് ഇവ പൂര്‍ത്തിയാക്കും. ലൈഫ് മൂന്നാം ഘട്ടത്തിനായി സര്‍ക്കാര്‍ ഇതുവരെ 31 കോടിയോളം രൂപ ചെലവഴിച്ചു. 448 കോടിയോളം രൂപയുടെ ഭവന സമുച്ചയ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഭവന സമുച്ചയങ്ങള്‍ക്കായി 300 ഓളം സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി പേര്‍ പദ്ധതിയില്‍ സ്ഥലം നല്‍കാനായി മുന്നോട്ടുവന്നിട്ടുണ്ട്. വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി പല പ്രമുഖ ബ്രാന്‍ഡുകളുമായി കൈകോര്‍ത്ത് കുറഞ്ഞ നിരക്കില്‍ വീട് നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളും ലൈഫ് മിഷന്‍ കൈക്കൊണ്ടിരുന്നു. 20 മുതല്‍ 60 ശതമാനം വരെ വിലകുറച്ചാണ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, പെയിന്റ്, സാനിറ്ററി ഉപകരണങ്ങള്‍, സിമെന്റ്, വാട്ടര്‍ ടാങ്ക് തുടങ്ങിയവ ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കിയത്. കൂടാതെ തൊഴിലുറപ്പ് ദിനങ്ങളില്‍ നിന്ന് 90 ദിവസം വീട് നിര്‍മ്മാണത്തിനായി ഉപയോഗിക്കാനുള്ള വ്യവസ്ഥയും സാധ്യമാക്കിയിരുന്നു. ലൈഫിലൂടെ ജീവിതവും പാര്‍പ്പിടം ലഭിച്ചതുകൊണ്ടുമാത്രം ഒരു കുടുംബത്തിന് അന്തസ്സുള്ള ജീവിതം സാധ്യമാകില്ല. മികച്ച വിദ്യാഭ്യാസവും തൊഴിലും ജീവിത സാഹചര്യങ്ങളും ആവശ്യമാണ്.ലൈഫ് എന്ന വാക്ക് അര്‍ത്ഥമാക്കുന്നതുപോലെ ജീവിതം തന്നെയാണ് ഗുണഭോക്താക്കള്‍ക്ക് ലൈഫ് മിഷന്‍ നല്‍കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീടുകള്‍ ലഭിച്ചവര്‍ക്ക് തുടര്‍ജീവിതത്തിന് സാമൂഹ്യവും തൊഴില്‍പരവുമായ പിന്തുണ ആവശ്യമാണ്. ഇവര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വരാനും സഹായമാകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ഒരു കുടക്കീഴില്‍ ലഭ്യമാക്കി സംഘടിപ്പിച്ച അദാലത്ത് ഗുണഭോക്താക്കള്‍ക്ക് മുന്നോട്ടുള്ള ജീവിതഗതി നിര്‍ണ്ണയിക്കാന്‍ സഹായകമായി. ഇരുപതിലധികം സര്‍ക്കാര്‍ വകുപ്പുകളുടെ സേവനമാണ് ഇതിനായി ഉപയോഗിച്ചത്.