• admin

  • February 14 , 2020

കൊല്ലം : കൊറോണ വൈറസ് പോലെയുള്ള പുതിയ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നത് തടയാന്‍ ജനകീയ ഇടപെടലോടു കൂടിയ പ്രതിരോധ പരിപാടികള്‍ അനിവാര്യമാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. ആരോഗ്യ ജാഗ്രത ട്വന്റി ട്വന്റി യുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം രോഗപ്രതിരോധ നടപടികളെ വിജയിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. നിപ അടക്കമുള്ള രോഗങ്ങളുടെ വ്യാപനം ഫലപ്രദമായി തടയുന്ന മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. സമാനമായ ജാഗ്രതയാണ് കൊറോണയുടെ കാര്യത്തിലും നാം കാട്ടുന്നത് മന്ത്രി പറഞ്ഞു. വിവിധ നഴ്‌സിങ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഹോമിയോ വകുപ്പിന്റെ യോഗ ഡാന്‍സ്, തൃക്കോവില്‍വട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രം അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍, അര്‍ബന്‍ ആശ പ്രവര്‍ത്തകരുടെ ആരോഗ്യ സന്ദേശ തിരുവാതിര എന്നിവ ശ്രദ്ധേയമായി. ബോധവത്കരണത്തിന്റെ ഭാഗമായി ആരോഗ്യ സന്ദേശ ബൈക്ക് റാലിയും നടന്നു. കൊല്ലം സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വിഷയാവതരണം നടത്തി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പും ജില്ലാ ടി ബി സെന്ററും നടപ്പിലാക്കുന്ന തൂവാല വിപ്ലവത്തിന് തുടക്കം ക്കുറിച്ചുകൊണ്ട് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആശാ പ്രവര്‍ത്തക പ്രീതാ മനോജിന് തൂവാല നല്‍കി.