• admin

  • January 25 , 2020

കൊച്ചി : നഗരത്തിലെ ഓടകള്‍ക്കും കനാലുകള്‍ക്കും പുതിയ മുഖം നല്‍കി ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ മുന്നേറുന്നു. പദ്ധതി ആരംഭിച്ച് തുടര്‍ച്ചയായ നാലാം ദിവസവും ശുചീകരണ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ നേരിട്ടെത്തി. നഗരത്തിലെ പ്രധാന കനാലുകളിലേക്ക് തുറക്കുന്ന ജല നിര്‍ഗമന മാര്‍ഗങ്ങളിലേയും ഓടകളിലേയും തടസ്സങ്ങളാണ് ഇപ്പോള്‍ നീക്കം ചെയ്യുന്നത്. തടസ്സങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുന്നതോടൊപ്പം പാര്‍ശ്വഭിത്തികള്‍ കെട്ടി സംരക്ഷിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം ഓടകള്‍ സ്ലാബിട്ട് മൂടും. ജനപങ്കാളിത്തത്തോടെ പ്രാദേശീകമായി അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് ബ്രേക്ക് ത്രൂ പദ്ധതി നിര്‍വഹണം. അടുത്ത ഘട്ടത്തില്‍ കനാല്‍ ശുചീകരണത്തിലേക്ക് കടക്കുമ്പോള്‍ ഫ്ലോട്ടിങ്ങ് ജെ.സി.ബി അടക്കമുള്ള വലിയ യന്ത്ര സാമഗ്രികളും രംഗത്തെത്തും. മാര്‍ച്ച് 31 ന് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിന് വലിയൊരു പരിധി വരെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ 21ലെ മഴയെ തുടര്‍ന്ന് നഗരം വെള്ളക്കെട്ടിലായ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബ്രേക് ത്രൂ പദ്ധതി ആവിഷ്‌കരിച്ചത്. 21ന് ഒറ്റരാത്രിയിലെ ഓപ്പറേഷനിലൂടെ നഗരത്തെ പൂര്‍വസ്ഥിതിയിലെത്തിച്ചിരുന്നു. ഓടകളിലെയും കനാലുകളിലെയും തടസങ്ങള്‍ നീക്കിയും വെള്ളം പമ്പു ചെയ്ത് ഒഴുക്കിയുമാണ് നഗരത്തെ സാധാരണനിലയിലെത്തിച്ചത്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്റെ തുടര്‍നടപടികള്‍ ആവിഷ്‌കരിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. ദുരന്ത നിവാരണ നിയമ പ്രകാരം ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയില്‍ തടസങ്ങള്‍ നീക്കുന്നതിനും ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുമടക്കം വിപുലമായ അധികാരങ്ങളാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ക്കുള്ളത്. ബ്രേക് ത്രൂ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ള 200ലേറെ പ്രവര്‍ത്തികളില്‍ 47 എണ്ണമാണ് ഇതിനകം ആരംഭിച്ചിട്ടുള്ളത്. അമ്മന്‍ കോവില്‍ റോഡ്, എളമക്കര സൗത്ത്, പരമാര റോഡ്, വിവേകാനന്ദ തോട്, പനമ്പിള്ളി നഗര്‍, പാരഡൈസ് റോഡ്, കാരണക്കോടം തോട്, സഹോദരന്‍ അയ്യപ്പന്‍ റോഡ്, ഡിവിഷന്‍ 46 ലെ ശോഭാ റോഡ്, നെടുന്തോട്ടിങ്കല്‍ തോട് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ തടസങ്ങള്‍ നീക്കിയിരുന്നു. തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് നിവാരത്തിനായി നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയിലുള്ള സമഗ്ര പദ്ധതിയായാണ് ഓപ്പറേഷന്‍ ബ്രേക് ത്രൂ വിഭാവനം ചെയ്തിരിക്കുന്നത്. ഹ്രസ്വ, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങളാണ് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളിലെ എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ വിഭാഗം, കോര്‍പ്പറേഷന്‍, റവന്യൂ, സര്‍വെ, പൊലീസ് വകുപ്പുകള്‍ ഉള്‍പ്പെട്ട സ്പെഷ്യല്‍ സെല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് തേഡ് പാര്‍ട്ടി ക്വാളിറ്റി ഓഡിറ്ററായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയെ എതിര്‍ക്കുവാന്‍ മറ്റ് വകുപ്പുകള്‍ക്കോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ സാധിക്കില്ല. കളക്ടറേറ്റില്‍ പി.ആര്‍.ഡി മീഡിയ സെന്ററിലാണ് ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്റെ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രവര്‍ത്തനങ്ങളും നിരന്തരമായി നിരീക്ഷിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ആവശ്യമായ സംവിധാനങ്ങള്‍ പ്രത്യേക സെല്ലിലുണ്ട്. വിവിധ വകുപ്പുകളില്‍ നിന്നും തിരഞ്ഞെടുത്തെ ഉദ്യോഗസ്ഥരാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്.