• admin

  • January 26 , 2020

കോഴിക്കോട് : നഗര പ്രദേശത്തെ മാലിന്യ സംസ്‌കരണത്തിനു ലോക ബാങ്കിന്റെ 2100 കോടി രൂപ ലഭ്യമായതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാടിന്റെ വികസന പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാലിന്യ പ്രശ്‌നം. സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം 200 കോടിയില്‍പരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി നടപ്പിലാക്കി വരുന്നത്. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ആശുപത്രി നല്‍കിയ 600 കോടി രൂപയുടെ പ്രൊപ്പോസല്‍ കിഫ്ബി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രീകൃത പ്ലാന്റ്, മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ സ്ഥാപിക്കുകയാണ്. ഏറ്റവും ആധുനികമായ ടെക്‌നോളജി ഉപയോഗിച്ച് പരിസരവാസികള്‍ക്ക് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാത്ത വിധം മാലിന്യ സംസ്‌കരണത്തെ കുറിച്ച് പഠിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രമായിട്ടാണ് ഞെളിയന്‍പറമ്പ് വേസ്റ്റ് ടു എനര്‍ജി സ്ഥാപിക്കുന്നത്. കേരളത്തില്‍ എട്ട് സ്ഥലങ്ങളില്‍ ഇത്തരത്തില്‍ കേന്ദ്രീകൃത പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി അറിയിച്ചു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാര്‍ വലിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. എന്നാല്‍ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ജനങ്ങളില്‍ നിന്നും അനുകൂല സമീപനം ഉണ്ടാവുന്നില്ല. ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ മാലിന്യം സംസ്‌കരിക്കാനുള്ള പദ്ധതിയാണ് മെഡിക്കല്‍കോളേജില്‍ തയ്യാറാക്കിയത്. ഈ സര്‍ക്കാരിന്റെ ഭരണകാലത്തു തന്നെ എട്ട് മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഇതിനാവശ്യമായ സൂക്ഷ്മനിരീക്ഷണം സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ എ. പ്രദീപ്കുമാര്‍ വിശിഷ്ടാതിഥിയായി. കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ഇതിനായി 14 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്. റാം ബയോളജിക്കല്‍സ് എന്ന സ്ഥാപനമാണ് ഡിപിആര്‍ തയ്യാറാക്കിയിട്ടുള്ളത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ വി.ഡി ജലജാമണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.