• admin

  • January 26 , 2020

പാലക്കാട് : സമൂഹത്തിന് ഉതകുന്നിടത്താണ് ശാസ്ത്രത്തിന്റെ സാഫല്യം. സമൂഹത്തിന് വേണ്ടിയാവണം ശാസ്ത്രം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുപ്പത്തിരണ്ടാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലാവസ്ഥാവ്യതിയാനം, മാലിന്യ സംസ്‌കരണം, പ്രകൃതിദുരന്തങ്ങള്‍ എന്നിവയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ശാസ്ത്രത്തിന് കഴിയണം. കാലാവസ്ഥാ വ്യതിയാനത്തിലൂടെ കേരളം നേരിട്ട വെല്ലുവിളികള്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ചര്‍ച്ചയാകണം. പ്രകൃതിദുരന്തങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത കേരളത്തെ കെട്ടിപ്പടുക്കാനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക , മാലിന്യസംസ്‌കരണ പ്രവര്‍ത്തികള്‍ ഊര്‍ജ്ജ പ്പെടുത്തുക, പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ പ്രകൃതി സൗഹൃദ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നേറുകയാണെന്നും പരിസ്ഥി മലിനീകരണം തടയുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാകും സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള വനം ഗവേഷണ സ്ഥാപനം, മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവ സംയുക്തമായാണ് ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. 'ശാസ്ത്രവും സാങ്കേതികവിദ്യയും കാലാവസ്ഥാ വ്യതിയാന അതിജീവനത്തിനും അനുരൂപീകരണത്തിനും' എന്നാണ് ഈ വര്‍ഷത്തെ ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യവിഷയം. തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞര്‍ക്ക് ഉദ്ഘാടന പരിപാടിയില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ യുവശാസ്ത്ര അവാര്‍ഡും മുഖ്യമന്ത്രിയുടെ സ്വര്‍ണപതക്കവും നല്‍കി.