• Lisha Mary

  • March 6 , 2020

കൊല്ലം : ഇളവൂരിലെ ദേവനന്ദ മുങ്ങി മരിച്ചത് ബണ്ടിനു സമീപത്തല്ലെന്ന് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ദേവനന്ദയുടെ വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്ന നിഗമനത്തിലാണ് ഫോറന്‍സിക് സംഘം. കഴിഞ്ഞ ദിവസം സംഘം സംഭവസ്ഥലത്ത് നടത്തിയ പരിശോധനക്ക് ശേഷമാണ് ഈ നിഗമനത്തിലേക്കെത്തിയത്. ദേവനന്ദയുടെ മരണത്തിലെ സംശയങ്ങള്‍ നീക്കാനാണ് പോലീസിന്റെ അഭ്യര്‍ഥനപ്രകാരം ഫോറന്‍സിക് സംഘം കഴിഞ്ഞദിവസം എളവൂരിലെ ദേവനന്ദയുടെ വീടിനുസമീപത്ത് പരിശോധന നടത്തിയത്. വീടിന് 75 മീറ്റര്‍ മാത്രം ദൂരത്തുള്ള കുളിക്കടവില്‍ വെച്ചാവാം കുട്ടി പുഴയില്‍ അകപ്പെട്ടതെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിസ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ ശശികലയുടെ നേതൃത്വത്തിലുള്ള സംഘം പറയുന്നത്. കുളിക്കടവില്‍ മുങ്ങിത്താഴ്ന്ന കുട്ടി പുഴയുടെ ആഴമേറിയ ഭാഗത്ത് എത്തിപ്പെടാം. അടിയൊഴുക്കുണ്ടായ പുഴയിലൂടെ മൃതദേഹം ഒഴുകിയതാവാം. തടയണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്റര്‍ അകലെ പൊങ്ങിയെന്നും ഫോറന്‍സിക് സംഘം പറയുന്നു. കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം കൂടുതലായിരുന്നു. തടയണയ്ക്ക് സമീപത്ത് വെച്ചാണ് കുട്ടി പുഴയിലകപ്പെട്ടതെങ്കില്‍ വയറ്റിലെ ചെളിയുടെ അംശം ഇത്രത്തോളം ഉണ്ടാവില്ലായിരുന്നു. ഒപ്പം മൃതദേഹം മറ്റേതെങ്കിലും സ്ഥലത്ത് പൊങ്ങാനായിരുന്നു സാധ്യതയെന്നും ഫോറന്‍സിക് സംഘം കണ്ടെത്തി. ഫോറന്‍സിക് പരിശോധനയുടെ ഫലം ഉടന്‍തന്നെ അന്വേഷണ സംഘത്തിന് കൈമാറും. അതേസമയം പ്രദേശത്ത് ശിശു മന:ശാസ്ത്രജ്ഞരെ എത്തിച്ച് കൂടുതല്‍ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.