• admin

  • February 1 , 2020

മാനന്തവാടി : നാളത്തെ ഇന്ത്യയെ പടുത്തുയര്‍ത്തുന്നത് പുതുതലമുറ വോട്ടര്‍മാരാണെന്ന് ചലച്ചിത്ര താരം ടൊവിനോ തോമസ്. സമ്മതിദായകരുടെ ദേശീയ ദിനത്തോടനുബന്ധിച്ച് മാനന്തവാടി മേരിമാതാ കോളജില്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ തെരഞ്ഞെടുപ്പും പൗരന്റെ കടമയും ഉത്തരവാദിത്വവും പ്രതീക്ഷയുമാണ്. വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കാളിയാവുകയാണെന്നും ടൊവിനോ പറഞ്ഞു. ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബഹുജന സംഗമം സംഘടിപ്പിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്നതായിരുന്നു ഈ വര്‍ഷത്തെ സന്ദേശം. ചടങ്ങില്‍ ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനവും പ്രോത്സാഹനവും പൊതുജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ ബോധം ഉണ്ടാക്കാന്‍ സഹായിക്കുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സമ്മതിദായക പ്രതിജ്ഞയും ജില്ലാ കളക്ടര്‍ ചൊല്ലി കൊടുത്തു. സബ് കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ് മുതിര്‍ന്ന വോട്ടറെ പൊന്നാട അണിഞ്ഞ് ആദരിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ പുരസ്‌കാര ജേതാവ് ക്യാപ്റ്റന്‍ ഡോ.രാജീവ് തോമസിനെ ചടങ്ങില്‍ ആദരിച്ചു. താലൂക്ക് തല കത്തെഴുത്ത്, ക്വിസ് മത്സരവിജയികള്‍ക്കുളള സമ്മാനം എ.ഡി.എം തങ്കച്ചന്‍ ആന്റണി വിതരണം ചെയ്തു. റവന്യൂ വകുപ്പ് മേരി മാത കോളേജില്‍ നടത്തിയ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്തു.