• Lisha Mary

  • April 3 , 2020

ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഇന്ന് മാത്രം 102 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 411 ആയി. ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് ഇതില്‍ കൂടുതല്‍പേരും. ഇതോടെ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്നാടും മുന്‍നിരയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ, തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് 649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 14 സംസ്ഥാനങ്ങളില്‍ നിന്നുളളവരിലാണ് കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 336 പേര്‍ക്ക് കോവിഡ് രോഗബാധ ഉണ്ടായതായും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 56 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 8000 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനകം സമ്മേളനത്തില്‍ പങ്കെടുത്ത 647 പേരിലാണ് രോഗബാധ കണ്ടെത്തിയത്. ഡല്‍ഹി, ഹിമാചല്‍, ഹരിയാന, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, അസം എന്നി സംസ്ഥാനങ്ങളില്‍ നിന്നുളളവരിലാണ് കൊറോണ വൈറസ് ബാധ ഉണ്ടായതെന്ന് ലാവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച 56 പേരില്‍ 12 പേര്‍ക്ക് ഇന്നലെയാണ് ജീവന്‍ നഷ്ടമായത്. 157 രോഗികള്‍ ഇതിനോടകം സുഖം പ്രാപിച്ചതായും ലാവ് അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് വിവിധ ആശുപത്രികളിലായി 2301 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതായും ലാവ് അഗര്‍വാള്‍ പറഞ്ഞു.