• admin

  • February 26 , 2020

ന്യൂഡല്‍ഹി :

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി പോലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിക്കുന്നത്. ഡല്‍ഹിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാരജാകണമെന്നും ജസ്റ്റിസ് മുരളീധര്‍ ഉത്തരവിട്ടിട്ടുണ്ട്. 

ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമേ സംഘര്‍ഷ പ്രദേശങ്ങളില്‍ സേനയെ വ്യന്യസിക്കണം, അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും സാമൂഹികപ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

അക്രമികളുടെ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യവിവരാവകാശ കമ്മിഷണര്‍ വജാഹത്ത് ഹബീബുള്ള നല്‍കിയ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതിയും പരിഗണിക്കുന്നുണ്ട്. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, സാമൂഹികപ്രവര്‍ത്തകന്‍ ബഹാദുര്‍ അബ്ബാസ് നഖ്വി എന്നിവരും സുപ്രീകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.