• admin

  • February 9 , 2020

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ശനിയാഴ്ച വൈകിട്ട് 6 മണിവരെ നടന്ന വോട്ടെടുപ്പില്‍ 62.59 പേര്‍ വോട്ട് രേഖപ്പെടുത്തിയതായി ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രണ്‍ബീര്‍ സിങ് അറിയിച്ചു. 2015 നിയമസഭാ തിരഞ്ഞെടുപ്പില്‍ 67.12 ആയിരുന്നു പോളിങ് ശതമാനം. ബല്ലിമാരന്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത്. 71.6 ശതമാനം. ഡല്‍ഹി കാന്റിലാണ് കുറവ് പോളിങ് ശതമാനം- 45.4%. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറുകള്‍ക്കു ശേഷവും അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഉള്‍പ്പെടയുള്ളവര്‍ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് അവസാനിച്ച് രാത്രി വൈകി അന്തിമ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തു വിടാറുണ്ട്. 61.46 ശതമാനമായിരുന്നു കമ്മിഷന്‍ ശനിയാഴ്ച രാത്രി പുറത്തുവിട്ട പോളിങ് ശതമാനം. പോളിങ് കുറഞ്ഞതില്‍ ആശങ്കപ്പെട്ടിരുന്ന ആം ആദ്മി പാര്‍ട്ടി എക്‌സിറ്റ് പോള്‍ ഫലങ്ങളെ തുടര്‍ന്ന് ആത്മവിശ്വാസത്തിലാണ്. സര്‍ക്കാരിന്റെ ജനോപകാര നടപടികള്‍ വോട്ടായി മാറിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലത്തിനായി ശേഖരിച്ച ഡേറ്റയില്‍ പിഴവുണ്ടെന്നാണ് ബിജെപി വാദം. നാല് മണിക്ക് ശേഷമാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വോട്ടു ചെയ്തതെന്ന് ബിജെപി എംപി മീനാക്ഷി ലേഖി പറഞ്ഞു.