• admin

  • January 17 , 2020

: ടെഹ്‌റാന്‍: ഇറാനെ സഹായിക്കുമെന്ന് ഭാവിക്കുന്ന 'കോമാളി' മാത്രമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുളള അലി ഖൊമേനി. വെള്ളിയാഴ്ച നമസ്‌കാരത്തിനെത്തിയ ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം ഇറാഖിലെ യുഎസ് സേനാ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഇറാന്‍ നിശ്ചയിച്ച ദിനം 'ദൈവത്തിന്റെ ദിനം' ആയിരുന്നതായും അദ്ദേഹം പറഞ്ഞു. യുഎസിന്റെ 'മുഖത്തേറ്റ അടി'യായിരുന്നു ഇറാന്റെ ആക്രമണം. യുഎസിനെതിരായ ആക്രമണത്തിനിടെ അബദ്ധത്തില്‍ യുക്രെയ്ന്‍ വിമാനം തകര്‍ന്നതില്‍ ഇറാനിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഖൊമേനിയുടെ പ്രഖ്യാപനം. ഇറാന്റെ മുതുകില്‍ 'വിഷം പുരട്ടിയ കത്തി' കുത്തിയിറക്കുകയാണ് ട്രംപ് ചെയ്തത്. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിനു പിന്നാലെ രാജ്യത്തുണ്ടായ വലിയ വിലാപം ഇറാന്‍കാര്‍ ഇസ്ലാമിക റിപ്പബ്‌ളിക്കിനൊപ്പം തന്നെയാണെന്നു തെളിയിക്കുന്നു. ഐഎസിനെതിരായ പോരാട്ടത്തില്‍ ശക്തമായി നിലകൊണ്ട സുലൈമാനിയെ 'ഭീരുത്വമാര്‍ന്ന' രീതിയിലാണ് യുഎസ് വധിച്ചത്. ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് ഇത് അപമാനകരമാണ്. ഇറാനുമായുള്ള ആണവകരാറില്‍നിന്ന് യുഎസിന്റെ ഏകപക്ഷീയമായ പിന്‍മാറ്റത്തിനു ശേഷവും കരാറില്‍ തുടരുന്ന മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാനാകില്ല. ഇവര്‍ ഇറാനെതിരെ ചെലുത്തുന്ന സമ്മര്‍ദ്ദം വിലപ്പോകില്ല. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ ഈ രാജ്യങ്ങള്‍ ഇറാനെ സമ്മര്‍ദ്ദവലയത്തിലാക്കി കരാറിലെ വ്യവസ്ഥകള്‍ വളച്ചൊടിച്ച് യുഎന്‍ ഉപരോധം വീണ്ടും നടപ്പാക്കാനാണ് ശ്രമിക്കുന്നത്. സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാനിലുണ്ടായ ദുഃഖാന്തരീക്ഷത്തെ യുക്രെയ്ന്‍ വിമാനം അബദ്ധത്തില്‍ ഇറാന്‍ തകര്‍ത്തത് ഉയര്‍ത്തി പ്രതിരോധിക്കാനാണ് ഇറാന്റെ 'ശത്രുക്കള്‍' ശ്രമിക്കുന്നതെന്നും യുഎസ്സിനെയും സഖ്യകക്ഷികളെയും സൂചിപ്പിച്ച് ഖമയനി പറഞ്ഞു. യുക്രെയ്ന്‍ വിമാനം അബദ്ധത്തില്‍ തകര്‍ന്ന സംഭവം ഉയര്‍ത്തി സുലൈമാനിയുടെ 'ജീവത്യാഗം' മറയ്ക്കാനുള്ള നീക്കങ്ങള്‍ ചെറുക്കും. ജനുവരി 11 നാണ് ടെഹ്‌റാനില്‍ നിന്നു പുറപ്പെട്ട യുക്രെയ്ന്‍ വിമാനം ഇറാന്‍ മിസൈല്‍ പതിച്ച് തകര്‍ന്നത്. ഇതില്‍ 176 പേരാണ് മരിച്ചത്. ഇത്തരം 'ദാരുണ' സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ഖൊമേനി പറഞ്ഞു. 2012 ല്‍ ഇസ്ലാമിക വിപ്‌ളവത്തിന്റെ മുപ്പത്തിമൂന്നാം വാര്‍ഷികത്തിനാണ് ഇതിനു മുന്‍പ് ഖൊമേനി വെള്ളിയാഴ്ചത്തെ ഒത്തുചേരലിനെ അഭിസംബോധന ചെയ്തത്.