• Lisha Mary

  • March 17 , 2020

പാരീസ് : കൊറോണ പടരുന്ന സാഹചര്യത്തില്‍ യൂറോപ്പിലെങ്ങും കര്‍ശന നിയന്ത്രണങ്ങള്‍. ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഫ്രാന്‍സ് കര്‍ശനമായി വിലക്കി. യൂറോപ്പില്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ ഇറ്റലിയും സ്പെയ്നും നേരത്തെ ഏര്‍പ്പെടുത്തിയ സമാനമായ നിയന്ത്രണങ്ങളാണ് ഫ്രാന്‍സിലും . സ്‌കൂള്‍, കഫേ, അവശ്യ സര്‍വ്വീസല്ലാത്ത കടകള്‍ എന്നിവയെല്ലാം ഫ്രാന്‍സില്‍ അടച്ചു. വിദേശ യാത്രക്കാര്‍ക്ക് ഫ്രാന്‍സിലേക്ക് പ്രവേശനം വിലക്കി. അതിര്‍ത്തികള്‍ അടയ്ക്കാനും തീരുമാനിച്ചു. രോഗികളെ ആശുപത്രികളിലേക്കെത്തിക്കാന്‍ സൈന്യം സഹായിക്കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കി. ഇതുവരെ 148 പേരാണ് വൈറസ് ബാധയില്‍ ഫ്രാന്‍സില്‍ മരിച്ചത്. 6633 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ വ്യാപനം തടയാന്‍ ജര്‍മനിയില്‍ ഉല്ലാസ-വ്യാപര കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അടച്ചു. മതപതമായ ചടങ്ങുകള്‍ നിര്‍ത്തലാക്കാനും ജനങ്ങളോട് രാജ്യത്തിനകത്തും പുറത്തുമുള്ള ഉല്ലാസ യാത്രകള്‍ ഒഴിവാക്കാനും ജര്‍മന്‍ ഭരണകൂടം ആവശ്യപ്പെട്ടു. ജര്‍മനിയില്‍ 17 പേരാണ് ഇതുവരെ മരിച്ചത്. 7272 പേര്‍ ചികിത്സയില്‍ തുടരുകയാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് കൊറോണ ഇതുവരെ 19 പേരുടെ ജീവനെടുത്തു. 2353 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയ, ഇറാന്‍, യുഎസ് എന്നീ രാജ്യങ്ങളും കൊറോണയെ നേരിടാന്‍ ജനങ്ങള്‍ ഒത്തുചേരുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 7174 പേരാണ് ലോകത്താകമാനം കൊറോണ വൈറസ് ബാധയില്‍ മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലാണ്, 3226 പേര്‍. ഇറ്റലിയില്‍ 2158 പേരും മരണപ്പെട്ടു. 160ലേറെ രാജ്യങ്ങളിലായി 182,726 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.