• Lisha Mary

  • March 15 , 2020

ഭോപ്പാല്‍ : മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി. മാര്‍ച്ച് 26ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനാരിക്കെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു. ഇവര്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറിയതാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ എംഎല്‍എമാരെ ബിജെപി ചാക്കിടുമെന്ന കണക്കു കൂട്ടലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസിന്റെ നീക്കം. 14 എംഎല്‍എമാരുടെ ആദ്യബാച്ചുമായി കോണ്‍ഗ്രസ് ജയ്പൂരിലെത്തിയപ്പോള്‍ നാല് എഎല്‍എമാരെ കാണാതാവുകയായിരുന്നു. എംഎല്‍എമാരായ സോമഭായ് പട്ടേല്‍, ജെവി കക്കാഡിയ എന്നിവരുള്‍പ്പെടെ നാലുപേരാണ് രാജിവെച്ചത്. അതേസമയം രാജിവെച്ചന്ന പ്രചാരണം നിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിജിഭായ് രംഗത്തെത്തി. സഭയില്‍ 103 അംഗങ്ങളുള്ള ബിജെപിക്കു മൂന്നു സ്ഥാനാര്‍ഥികളെയും ജയിപ്പിക്കാന്‍ വേണ്ടതു 110 പ്രഥമ വോട്ടുകളാണ്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി) യുടെ രണ്ട് എംഎല്‍എമാരുടെയും എന്‍സിപിയുടെ ഒരു എംഎല്‍എയുടെയും പിന്തുണ ബിജെപി അവകാശപ്പെടുന്നുണ്ട്. നാലു കോണ്‍ഗ്രസ് എംഎല്‍എമാരെങ്കിലും വിപ്പ് ലംഘിച്ചു കൂറുമാറി വോട്ട് ചെയ്യുകയോ പോളിങ് സമയത്തു സഭയില്‍ നിന്നു വിട്ടുനിന്നു തങ്ങളെ പിന്തുണയ്ക്കുകയോ ചെയ്യുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍. 2019 ല്‍ അല്‍പേശ് താക്കൂര്‍ അടക്കം മൂന്ന് എംഎല്‍എമാരുടെ കൂറുമാറിവോട്ട് ബിജെപി ഉറപ്പാക്കിയിരുന്നു.