മലപ്പുറം : വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് എണ്ണക്കമ്പനികൾ നിയന്ത്രണം കടുപ്പിച്ചെന്ന് സൂചന. ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടർ ലഭിച്ചെങ്കിൽ ബുക്കിങ് റദ്ദാകുന്നു.ഉപഭോക്താവ് 5 ദിവസം കഴിഞ്ഞാൽ വീണ്ടും ബുക്ക് ചെയ്യണം. നേരത്തേ ഇത് ഒരാഴ്ച ആയിരുന്നു.ജീവനക്കാർ അവധിയോ അസുഖം കാരണമോ ഏതെങ്കിലും ഭാഗത്തെ വിതരണം വൈകിയാൽ പലർക്കും സിലിണ്ടർ കിട്ടാത്ത അവസ്ഥയുണ്ടെന്നാണ് ആരോപണം.അതുപോലെ ഒരു സിലിണ്ടർ ലഭിച്ച് അടുത്തത് ബുക്ക് ചെയ്യാനുള്ള ഇടവേളയിലെ നിയന്ത്രണവും തുടരുകയാണ്.
വാണിജ്യസിലിണ്ടർ ക്ഷാമം തീർന്നെങ്കിലും പൊള്ളുന്ന വില ഇപ്പോഴും തിരിച്ചടി
പാചകവാതക വാണിജ്യ സിലിണ്ടർ നിയന്ത്രണം നീക്കിയെങ്കിലും ഉയർന്ന വില തുടരുന്നത് തിരിച്ചടി. ഒരു മാസമായി കാര്യമായ നിയന്ത്രണമില്ലാത്ത വിധത്തിൽ സിലിണ്ടറുകൾ വിതരണം ചെയ്തിരുന്നെന്നും ഇപ്പോൾ രേഖാമൂലം അറിയിപ്പു വന്നതേയുള്ളൂവെന്നും ഏജൻസികൾ പറയുന്നു.
അതേസമയം സിലിണ്ടർ ക്ഷാമം തീർന്നെങ്കിലും പശ്ചിമേഷ്യൻ സംഘർഷം ആരംഭിക്കുന്നതിനു മുൻപത്തെ അപേക്ഷിച്ച് 75% വില അധികമായി ഇപ്പോൾ നൽകുന്നതിനാൽ ഭക്ഷണ വിതരണ മേഖലയിൽ പ്രതിസന്ധി തുടരുകയാണെന്ന് ഹോട്ടലുടമകളും പറയുന്നു.ഭക്ഷണസാധനങ്ങളുടെ വില കുറയാത്തതിനാൽ ഉപഭോക്താക്കൾക്കും നേട്ടമാകില്ല.വാണിജ്യ സിലിണ്ടറുകൾ നിശ്ചിത ശതമാനം മാത്രമേ നൽകാവൂവെന്ന നിയന്ത്രണം ഏതാണ്ട് പൂർണമായും നീങ്ങിയിട്ട് ഒരു മാസത്തോളമായെന്നാണ് വിവരം.ഒടിപി നിബന്ധനയിലും കടുംപിടിത്തം നീങ്ങിയിരുന്നു. ഇതോടെ ആവശ്യക്കാർക്കെല്ലാം സിലിണ്ടർ നൽകാനായിരുന്നു.ഇപ്പോൾ ഔദ്യോഗിക അറിയിപ്പ് വന്നതോടെ കടലാസിലും ആശ്വാസം വന്നു എന്നു മാത്രം.വാണിജ്യ സിലിണ്ടർ ക്ഷാമം കാരണം ജില്ലയിൽ 30% ഹോട്ടലുകൾ പൂട്ടിപ്പോയിരുന്നുവെന്നു ഹോട്ടലുടമകൾ പറയുന്നു.
പാചകവാതകത്തിന് ബദൽ സംവിധാനങ്ങളായി ആധുനിക അടുപ്പുകളും മറ്റും വ്യാപകമാകുകയും ചെയ്തു.സിലിണ്ടർ വിതരണത്തിൽ ഇളവ് വന്നതനുസരിച്ച് പൂട്ടിപ്പോയ സ്ഥാപനങ്ങൾ പലതും തുറന്നു തുടങ്ങി.വോട്ട് ചെയ്യാൻ നാട്ടിൽ പോയ ഇതര സംസ്ഥാന തൊഴിലാളികളും എത്തിയതോടെ കൂടുതൽ സ്ഥാപനങ്ങൾ പുനരാരംഭിച്ചു.വാണിജ്യ സിലിണ്ടർ കണക്ഷൻ ഉള്ളവർക്ക് മാത്രമേ ഒടിപി ഉപയോഗിച്ച് സിലിണ്ടർ ലഭിക്കൂവെന്ന സ്ഥിതി താൽക്കാലിക തട്ടുകടകളെയും മറ്റും ബാധിച്ചിരുന്നു. ഇതെല്ലാം നിലവിൽ ഒഴിവായി.സ്വകാര്യ കമ്പനികളുടെ സിലിണ്ടറിന് 4000 മുതൽ 6000 രൂപ വരെ നൽകേണ്ടിയിരുന്ന സ്ഥിതിയും ഇപ്പോൾ മാറിയെന്ന് ഹോട്ടലുടമകൾ പറയുന്നു.അതേസമയം സംഘർഷത്തിന് മുൻപത്തെ അവസ്ഥയിലേക്ക് സിലിണ്ടറിന്റെ വിലയും കുറയ്ക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
