• admin

  • January 9 , 2020

: കണ്ണൂര്‍: ലഹരിയുടെയും മറ്റും കുരുക്കുകളില്‍ അകപ്പെടാതിരിക്കാന്‍ കൗമാരങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിനുള്ള ഐആര്‍പിസി കൗമാരസുരക്ഷാ ക്യാമ്പയിന്‍ തുടങ്ങി. ഇന്ന് ചെറുതാഴം സ്‌കൂളിലും ചുണ്ടങ്ങാപ്പൊയില്‍ സ്‌കൂളിലും ക്യാമ്പയിന്‍ നടക്കും. കല്യാശേരി ബ്ലോക്കിന്റേത് പകല്‍ പത്തിന് ചെറുതാഴം ഗവ. ഹയര്‍ സെക്കന്‍ഡറിയിലും പാനൂര്‍ ബ്ലോക്കിന്റേത് പകല്‍ രണ്ടിന് ചുണ്ടങ്ങാപ്പൊയില്‍ എച്ച്എസ്എസിലും നടക്കും. കൗമാരക്കാരില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഐആര്‍പിസി സ്‌കൂളുകളില്‍ ക്യാമ്പയിന്‍ നടത്തുന്നത്. ജില്ലയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് തലങ്ങളിലാണ് ബോധവല്‍ക്കരണം നടത്തുക. കൗമാരക്കാരിലെ വിഷാദം, മാനസിക സമ്മര്‍ദം, ശാരീരിക പ്രശ്‌നങ്ങള്‍, സാമൂഹ്യപ്രശ്‌നങ്ങള്‍, പഠന പ്രശ്‌നങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, ലഹരി ഉപയോഗം ഇവ കണ്ടെത്തുന്നതിലാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. കണ്ണൂര്‍, ഇരിട്ടി, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ കഴിഞ്ഞ ദിവസം ക്യാമ്പയിന്റെ ഭാഗമായി ക്ലാസുകള്‍ നടത്തി. ചാവശേരി ജിഎച്ച്എസ്എസിലും കോട്ടയം മലബാര്‍ ജിഎച്ച്എസ്എസിലും കൗമാരസുരക്ഷാ ക്യാമ്പയിന്‍ നടന്നു. ചാവശേരിയില്‍ പ്രിന്‍സിപ്പല്‍ റോസമ്മ ഉദ്ഘാടനംചെയ്തു.