• admin

  • February 2 , 2020

കൊച്ചി : ക്യാന്‍സറിനെതിരെയുള്ള പ്രതിരോധ കോട്ടയായി കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ 100 കിടക്കളുമായി 2021 ജനുവരിയില്‍ യാഥാര്‍ഥ്യമാകും. സെന്ററിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരിക്കുന്നത്. അത്യന്താധുനിക ചികിത്സാസൗകര്യങ്ങളുമായി എട്ടുനില കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. നാലു റേഡിയോ തെറാപ്പി യൂണിറ്റ്, 10 ഓപ്പറേഷന്‍ തിയറ്റര്‍, നൂറോളം കീമോ തെറാപ്പി യൂണിറ്റ് എന്നിവ ഇവിടെയുണ്ടാകും. താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നിലവില്‍ ഒരു ഓപ്പറേഷന്‍ തിയറ്ററും 20 കിടക്കകളുമാണുള്ളത്. കെട്ടിടം പണിയാനും ഉപകരണങ്ങള്‍ വാങ്ങാനുമായി കിഫ്ബി പദ്ധതിയില്‍ 385 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 364 കിടക്കകള്‍ സജ്ജമാക്കി സെന്റര്‍ 2022ല്‍ പൂര്‍ണമായും കമീഷന്‍ ചെയ്യും. ഈ വര്‍ഷം 14 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുക. ആദ്യഘട്ടമായി ഒരു കോടിയുടെ ഉപകരണങ്ങള്‍ ശനിയാഴ്ച ലഭിച്ചു. കീമോതെറാപ്പി വാര്‍ഡിലേക്കുള്ള ഇന്‍ഫ്യൂഷന്‍ ചെയര്‍, ഓപ്പറേഷന്‍ തിയറ്ററിലേക്കുള്ള ഉപകരണങ്ങള്‍ എന്നിവയാണ് സ്ഥാപിക്കുക.