• Lisha Mary

  • March 19 , 2020

: കോവിഡ്-19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാൽ സംസ്ഥാന സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂർണ പിന്തുണയും സഹായവും നൽകും. സ്ഥിതിഗതികൾ മോശമാവുകയാണെങ്കിൽ എടുക്കേണ്ട നടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സേനാവിഭാഗങ്ങളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചർച്ച നടത്തി. രോഗവ്യാപനം തടയുന്നതിന് സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം രോഗം വ്യാപിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. ഈ സാഹചര്യം മുന്നിൽ കണ്ട് വിപുലവും ഫലപ്രദവുമായ തയ്യാറെടുപ്പ് സർക്കാർ നടത്തുകയാണ്. ദുരന്തം ഒഴിവാക്കുന്നതിന് നടത്തുന്ന തയ്യാറെടുപ്പിൽ സേനാവിഭാഗങ്ങളുടെ പൂർണ സഹായം വേണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സേനയുടെ ആശുപത്രികളിലെ സൗകര്യം അടിയന്തര സാഹചര്യത്തിൽ കൊറോണ കെയറിന് വേണ്ടി ഉപയോഗിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകി. ആർമി ബാരക്കുകൾ താൽക്കാലിക കൊറോണ കെയർ സെന്ററാക്കി മാറ്റാം. ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റേയും ടെക്‌നിക്കൽ സ്റ്റാഫിന്റേയും സേവനം വിട്ടുനൽകും. ആംബുലൻസുകളുമുണ്ടാകും. അടിയന്തര സാഹചര്യത്തിൽ രോഗികളെ മാറ്റുന്നതിന് ഹെലികോപ്റ്റർ ഉപയോഗിക്കും. മരുന്ന്, ഭക്ഷണം, ചികിത്സാസാധനങ്ങൾ എന്നിവ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ഹെലികോപ്റ്റർ ഉപയോഗിക്കും. സേനകളുടെ നിയന്ത്രണത്തിലുള്ള മറ്റു വാഹനങ്ങളും വിട്ടുനൽകും. താൽക്കാലിക ആശുപത്രികൾ ഒരുക്കുന്നതിന് കിടക്ക, കിടക്കവിരി മുതലായ സാധനങ്ങളും ലഭ്യമാക്കും. സർക്കാരിന്റെ അഭ്യർത്ഥനയോട് ക്രിയാത്മകമായി പ്രതികരിച്ച സേനാവിഭാഗങ്ങൾക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.