• Lisha Mary

  • April 6 , 2020

തിരുവനന്തപുരം : കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ 7 ദിവസം സേവനമനുഷ്ഠിച്ച ആരോഗ്യപ്രവര്‍ത്തകരെ 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരും ഇത്തരത്തില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗം പകരാതിരിക്കാനുളള മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചായിരിക്കും നിരീക്ഷണം. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ഇവരുമായി നേരിട്ട് ചര്‍ച്ച നടത്തിയതെന്ന് മന്ത്രി പറഞ്ഞു. 100 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കൈടുത്തു. ഇവരുടെ മാനസികോല്ലാസത്തിന് സിനിമ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. അത്ഭുതത്തോടും ആദരവോടുമാണ് ആരോഗ്യ പ്രവര്‍ത്തകരെ കാണുന്നതെന്നും എല്ലാവരുടേയും നന്ദി അറിയിക്കുന്നതായും സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു. നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സിതാര കൃഷ്ണകുമാര്‍ ഗാനവും ആലപിച്ചു.