• Lisha Mary

  • April 5 , 2020

കൊച്ചി :

 കൊറോണ വൈറസ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്ന് മൂന്നു മലയാളികള്‍ മരിച്ചു. അയലന്‍ഡില്‍ നഴ്‌സായ ബീന ജോര്‍ജ് (54), ന്യൂയോര്‍ക്കില്‍ വിദ്യാര്‍ത്ഥിയായ ഷോണ്‍ എബ്രഹാം(21). ന്യൂയോർക്ക് ക്വീൻസിലെ തങ്കച്ചന്‍ ഇഞ്ചനാട്ട് (51) എന്നിവരാണ് ഞായറാഴ്ച മരിച്ചത്.

കോട്ടയം കുറുപ്പുന്തറ സ്വദേശിയാണ് ബീന ജോര്‍ജ്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരിക്കെയാണ് ബീനയ്ക്ക് കോവിഡ് ബാധിച്ചത്. കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളു. ജോര്‍ജ് പോളിന്റെ ഭാര്യയാണ്. രണ്ടു മക്കളുണ്ട്.

ന്യൂയോര്‍ക്കില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥി ഷോണ്‍ എബ്രഹാം പത്തനംതിട്ട ജില്ലക്കാരനാണ്. തിരുവല്ല കടപ്ര വലിയപറമ്പില്‍ സജി എബ്രഹാമിന്റെയും ജോളിയുടെയും രണ്ടാമത്തെ മകനാണ് ഷോണ്‍. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പനിയെ തുടര്‍ന്ന് ഷോണ്‍ ആദ്യഘട്ടത്തില്‍ ചികിത്സ തേടിയെങ്കിലും പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നീട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് രോഗം വഷളായത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തങ്കച്ചന്‍ ഇഞ്ചനാട്ട് തൊടുപുഴ മുട്ടം സ്വദേശിയാണ്. മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. കൊറോണ ലക്ഷണങ്ങളോടെ സൗദിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി പുതിയാകാത്ത് സഫ് വാനും ഞായറാഴ്ച മരിച്ചിരുന്നു