• Lisha Mary

  • April 6 , 2020

കെയ്റോ : കോവിഡ് ബാധിച്ച് ലിബിയ മുന്‍ പ്രധാനമന്ത്രി മഹ്മൂദ് ജിബ്രില്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈജിപ്തിലെ കെയ്റോയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. 2012 ലാണ് മഹ്മൂദ് ജിബ്രില്‍ ലിബിയന്‍ പ്രധാനമന്ത്രിയാകുന്നത്. ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ മരണശേഷം ലിബറല്‍ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച നാഷണല്‍ ഫോഴ്സസ് അലയന്‍സ് തലവനായിട്ടാണ് മഹ്മൂദ് ജിബ്രില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ലിബിയയില്‍ ഇതുവരെ 18 കോറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരാള്‍ രോഗം ബാധിച്ച് മരിച്ചു. അതേസമയം ജിബ്രില്‍ താമസിച്ചിരുന്ന ഈജിപ്തില്‍ 1173 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 78 പേര്‍ മരിച്ചിട്ടുണ്ട്.