• Lisha Mary

  • March 14 , 2020

കല്‍പ്പറ്റ : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ടൂറിസം മേഖലയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വിവിധ കോച്ചിംഗ് സെന്ററുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിപ്പിക്കരുത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട് . ഇതിനായി ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് കെ എസ് ആര്‍ ടി സി യുടെ നാല് ബസുകള്‍ സര്‍വീസ് നടത്തും . മാസ്‌കുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ അടിയന്തിരമായി പതിനായിരം മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കും . വയനാട്ടില്‍ കുരങ്ങുപനി നിയന്ത്രണ വിധേയമായിട്ടുണ്ടന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, എംഎല്‍എമാര്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി. നസീമ തുടങ്ങിയവര്‍ പങ്കെടുത്തു.