• admin

  • June 29 , 2021

ന്യൂഡൽഹി :

രാജ്യത്ത് കോവിഡ് നിലനിൽക്കുന്നിടത്തോളം കുടിയേറ്റ തൊഴിലാളികൾക്ക് റേഷനും ഭക്ഷണവും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. റേഷൻ കാർഡില്ലാത്ത കുടിയേറ്റ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഭക്ഷ്യ ധാന്യങ്ങൾ നൽകണം. അസംഘടിത മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ രജിട്രേഷന് ജൂലൈ 31 നകം ദേശിയ പോർട്ടൽ ആരംഭിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ നൽകുന്നതിനുള്ള പദ്ധതി ജൂലൈ 31 നകം സംസ്ഥാന സർക്കാരുകൾ തയ്യാറാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. തൊഴിലാളികൾക്ക് വിതരണം ചെയ്യന്നതിന് സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്ന ഭക്ഷ്യ ധാന്യങ്ങൾ കൈമാറണം എന്ന് കേന്ദ്ര സർക്കാരിനോടും കോടതി നിർദേശിച്ചു. റേഷൻ കാർഡില്ലാത്ത കുടിയേറ്റ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഭക്ഷ്യ ധാന്യങ്ങൾ നൽകണം.

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കണം. ജൂലൈ 31നകം പദ്ധതി നടപ്പിലാക്കാനാണ് നിർദേശം. കുടിയേറ്റ തൊഴിലാളികൾക്ക് ആയി ആരംഭിച്ച സമൂഹ അടുക്കളകളുടെ പ്രവർത്തനം മഹാമാരി ഉണ്ടാക്കുന്ന പ്രതിസന്ധി കഴിയുന്നത് വരെ തുടരണമെന്നും കോടതി നിർദേശിച്ചു. അസംഘടിത മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷന് ആയി പ്രത്യേക പോർട്ടൽ ജൂലൈ 31 നകം രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. എൻ ഐസിയും ആയി സഹകരിച്ചാണ് പോർട്ടൽ രൂപീകരിക്കേണ്ടത്.