• admin

  • March 4 , 2020

ന്യൂഡല്‍ഹി :

കൊറോണ വൈറസ് രാജ്യ തലസ്ഥാനത്ത് വ്യാപിക്കുന്നത് തടയാന്‍ ചായ സത്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ഹിന്ദു മഹാസഭ തീരുമാനിച്ചതായി പ്രസിഡന്റ് ചക്രപാണി മഹാരാജ്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ 7 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഗോമൂത്രവും ചാണക കേക്കും (ചാണക വറളി) ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാന്‍ കഴിയുമെന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മഹാരാജ് ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. 

ചായ സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കുന്നതുപോലെ ഓര്‍ഗാനിക് ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അതില്‍ കൊറോണ വൈറസ് എന്താണെന്നും പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കൊറോണയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഞങ്ങള്‍ ആളുകളെ അറിയിക്കും,'' മഹാരാജ് പറഞ്ഞു.

'പാര്‍ട്ടിയ്ക്കിടെ ആളുകള്‍ക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകള്‍ തുറക്കും  ചാണക വറളി, ചാണകത്തില്‍ നിന്നുണ്ടാക്കുന്ന അഗര്‍ബതി തുടങ്ങിയവയും ഉണ്ടാകും. ഇവ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഇല്ലാതാകും.

ഡല്‍ഹിയിലെ ഹിന്ദു മഹാസഭവാനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് രാജ്യത്തുടനീളം ഇത്തരം 'പാര്‍ട്ടികള്‍' നടക്കും. കൊറോണയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ദൗത്യത്തില്‍ തങ്ങളുമായി സഹകരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.