• admin

  • January 30 , 2020

ബെയ്ജിങ് : കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ചൈനയില്‍ സൈന്യമിറങ്ങും. ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്യാന്‍ ഷി സൈന്യത്തോട് ആവശ്യപ്പെട്ടതായി ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെയും മറ്റും സഹായിക്കാന്‍ നിലവില്‍ സൈന്യത്തിന്റെ സേവനമുണ്ട്. ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സൈന്യത്തിന്റെയും സഹായം ചൈനീസ് ഭരണംകൂടം തേടിയത്. ചൈനയ്ക്ക് പുറമേ പതിനേഴ് വിദേശ രാജ്യങ്ങളിലും ഇതിനോടകം വൈറസ് ബാധ സംശയിച്ച് നിരവധി പേര്‍ നിരീക്ഷണത്തിലുണ്ട്. ചൈനക്കാര്‍ക്ക് പുറമേ ചൈനയിലുള്ള രണ്ട് ഓസ്‌ട്രേലിയക്കാര്‍ക്കും നാല് പാകിസ്താന്‍കാര്‍ക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ചൈനയിലുള്ള വിദേശികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കൊറോണവൈറസ് മൂലമുണ്ടാകുന്ന ന്യൂമോണിയ 5,974 പേരില്‍ സ്ഥിരീകരിച്ചതായി ചൈനയിലെ ആരോഗ്യവിഭാഗം അധികൃതര്‍ ബുധനാഴ്ച അറിയിച്ചിരുന്നു. 31 പ്രവിശ്യകളില്‍ നിന്ന് ചൊവ്വാഴ്ച രാത്രി വരെയുള്ള സംയുക്തമായ കണക്കാണിത്. ഹ്യൂബായ് തലസ്ഥാനമായ വൂഹനില്‍ മാത്രം 125 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 3,554 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,239 പേര്‍ ഗുരുതര നിലയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 9,239 പേര്‍ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലാണ്. ഹ്യൂബായില്‍ മാത്രം 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് പുറമെ മറ്റുരാജ്യങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇ, തായ്‌ലാന്‍ഡ്, ഹോങ് കോങ്, യുഎസ്, തായ്വാന്‍, ഓസ്ട്രേലിയ, മകാവു, ദക്ഷിണ കൊറിയ, മലേഷ്യ, ജപ്പാന്‍, കാനഡ, വിയറ്റ്നാം, നേപ്പാള്‍, കമ്പോഡിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിലടക്കം ചൈനയില്‍നിന്ന് മടങ്ങിയെത്തിയ ആയിരക്കണക്കിനാളുകള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.