• Lisha Mary

  • April 2 , 2020

ന്യൂഡല്‍ഹി : നിങ്ങള്‍ കൊറോണ വൈറസ് ബാധിതന്റെ അടുത്താണോ? അറിയാന്‍ ആപ്പ് നിര്‍മിച്ച് സര്‍ക്കാര്‍. ആരോഗ്യസേതു എന്നാണ് കൊറോണ വൈറസ് ട്രാക്കിങ്ങിനായി നിര്‍മിച്ചിരിക്കുന്ന ആപ്പിന്റെ പേര്. സ്മാര്‍ട്ട് ഫോണുകളിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. ലൊക്കേഷന്‍, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ച് കൊറോണ വൈറസ് പോസിറ്റീവ് ആയ വ്യക്തിയുടെ അടുത്താണോ അല്ലയോ എന്ന് ആപ്പിലൂടെ തിരിച്ചറിയാന്‍ സാധിക്കും. കൂടാതെ രാജ്യത്താകമാനമുള്ള കൊറോണ പോസിറ്റീവ് കേസുകളുടെ ഡാറ്റ, കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കുന്നതിനും മറുപടി നല്‍കുന്നതിനുമായി ഒരു ചാറ്റ് ബോക്സ്, എല്ലാ സംസ്ഥാനങ്ങളിലേയും ഹെല്‍പ്പ് ലൈന്‍ നമ്പറുകളടക്കമുള്ള സേവനങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുക. ലൊക്കേഷന്‍ ഡാറ്റയിലൂടെ കൊറോണബാധിതനായ വ്യക്തിയുടെ ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കും. കൂടാതെ ബ്ലൂടൂത്തിലൂടെ നിങ്ങളും രോഗബാധിതനായ വ്യക്തിയും തമ്മില്‍ ആറ് അടി അകലത്തിലാണോ അല്ലയോ എന്ന് വ്യക്തമാക്കും. ഇതിലൂടെ നിങ്ങള്‍ക്ക് കൊറോണ ബാധയേല്‍ക്കുന്നതിനായുള്ള ഹൈ റിസ്‌ക്കിലാണോ അല്ലയോ എന്നും ആപ്പിലൂടെ മനസിലാക്കാന്‍ സാധിക്കും. ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ ബാധ ഏല്‍ക്കാതെ സുരക്ഷിതമായി ഇരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും നല്‍കും. അതേസമയം നിങ്ങള്‍ കൊറോണ പോസിറ്റീവ് ആണെങ്കില്‍ നിങ്ങള്‍ എവിടെയൊക്കെ പോയി ആരുമായെല്ലാം സമ്പര്‍ക്കത്തിലേര്‍പ്പെട്ടു എന്ന കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. നേരത്തെ കൊറോണ വൈറസ് ബോധവത്കരണത്തിനായി മറ്റൊരു ആപ്പും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.