• Lisha Mary

  • March 21 , 2020

കൊടുങ്ങല്ലൂര്‍ : ശ്രീകുരുംബക്കാവിലേക്ക് ഭക്തര്‍ എത്തുന്നത് നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പാളി. ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിലേക്ക് 1500ഓളം പേരാണ് ഒഴുകിയെത്തിയത്. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സഹിതം കൊടുങ്ങല്ലൂര്‍ തഹസീല്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭരണി മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നും ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും ഒഴിഞ്ഞു നില്‍ക്കണമെന്നും മുഖ്യമന്ത്രിയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമടക്കമുള്ളവര്‍ പലവട്ടം അഭ്യര്‍ത്ഥിച്ചിരുന്നു. കോഴിക്കല്ല് മൂടല്‍ ചടങ്ങില്‍ അവകാശികളായ ഭഗവതി വീട്ടുകാരും, വടക്കന്‍ മലബാറില്‍ നിന്നുള്ള തച്ചോളി തറവാടിനെ പ്രതിനിധാനം ചെയ്ത് എത്തുന്നവരും ആളുകളെ കുറയ്ക്കുകയും ചെയ്തു. വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ഏതാനും കോമരങ്ങള്‍ മാത്രമാണ് കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടക്കുമ്പോള്‍ ക്ഷേത്ര നടയില്‍ എത്തിയിരുന്നത്. കോഴിക്കല്ല് മൂടിക്കഴിഞ്ഞാല്‍ അശ്വതി കാവുതീണ്ടല്‍ വരെയാണ് വടക്കന്‍ ജില്ലകളില്‍ നിന്നുള്ള കോമരക്കൂട്ടങ്ങളുടെയും മറ്റു ഭക്തന്‍മാരുടെയും വലിയ തോതിലുള്ള വരവ് ആരംഭിക്കുക.