• admin

  • February 6 , 2020

കല്‍പ്പറ്റ : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ പരിശീലനം കലക്ടറേറ്റില്‍ തുടങ്ങി. കൊറോണ വൈറസ്, രോഗം പടരാനുള്ള സാഹചര്യങ്ങള്‍, പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നീ വിഷയങ്ങള്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് വിശദീകരിച്ചു. എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, ആര്‍.ബി.എസ്.കെ നഴ്സുമാര്‍ തുടങ്ങി ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ആര്‍.ബി.എസ്.കെ/ആര്‍.കെ.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ സീന സിഗാള്‍, ആശാ കോര്‍ഡിനേറ്റര്‍ സജേഷ് ഏലിയാസ്, ആരോഗ്യ കേരളം ജില്ലാ പി.ആര്‍.ഒ കെ.എം ഷമീര്‍, സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ. ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ന് കലക്ടറേറ്റിലെ പഴശ്ശി ഹാളില്‍ ജില്ലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് കൊറോണ വൈറസ് അവബോധം നല്‍കും. നാളെ എ.പി.ജെ ഹാളില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിശീലന പരിപാടിയില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരും ജില്ലയിലെ ട്രൈബല്‍ പ്രമോട്ടര്‍മാരും പങ്കെടുക്കും. ജില്ലാഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം.