• admin

  • June 27 , 2020

അഹമ്മദാബാദ് : നിരവധി കൊലപാതക കേസുകളില്‍ പ്രതിയായി ഒന്‍പത് വര്‍ഷത്തോളം പൊലീസിനെ കബളിപ്പിച്ച്‌ നടന്ന യുവാവ് ഒടുവില്‍ പിടിയിലായി. ഒന്‍പത് കൊല്ലത്തോളം ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ പൊലീസിനെ കബളിപ്പിച്ചത്. അഞ്ച് കൊലപാതകങ്ങളില്‍ പ്രതിയായ അസ്ലം എന്ന അമന്‍ അബ്ദുല്‍ കരീം ആണ് അറസ്റ്റിലായത്. ഗുജറാത്തിലെ സൂറത്തിലുള്ള വെസുവില്‍ വച്ചാണ് ഇയാളെ പൊലീസ് പൊക്കിയത്. കൊലപാതകങ്ങള്‍ കൂടാതെ നിരവധി മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്. ഒന്‍പത് വര്‍ഷമായി ലാല കമലേഷ് എന്ന പേരില്‍ ഭാര്യയും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു അസ്ലം. ഇയാളുടെ ഭാര്യ സ്വകാര്യ ആശുത്രിയില്‍ നഴ്‌സാണ്. ഇതേ ആശുപത്രിയില്‍ വാര്‍ഡ് ബോയ് ആയി ജോലി ചെയ്യുകയായിരുന്നു അസ്ലം. സാമ്പത്തികമായി നല്ല നിലയിലുള്ള ഒരു കുടുംബത്തിലാണ് അസ്ലം ജനിച്ചത്. എന്നാല്‍ പിന്നീട് ഇയാള്‍ ഗുണ്ടാ സംഘത്തിനൊപ്പം ചേര്‍ന്ന് ട്രാക്റ്റര്‍ ഡ്രൈവര്‍മാരെ കൊന്ന് വാഹനം തട്ടിയെടുത്ത് മറിച്ചു വിറ്റാണ് കൊലപാതക  പരമ്പരയ്ക്ക് തുടക്കമിട്ടതെന്ന് പൊലീസ് പറയുന്നു. 2008ല്‍ ഇരട്ടക്കൊലപാതകങ്ങള്‍ നടത്തിയതാണ് ആദ്യ കേസ്. ഒരു ട്രാക്റ്റര്‍ ഡ്രൈവറേയും ഇയാളുടെ സഹായിയേയുമാണ് അസ്ലം കൊലപ്പെടുത്തിയത്. ഇരുവരേയും കൊന്ന ശേഷം കൈയും കാലും വെട്ടിമാറ്റി മൃതദേഹം പുഴയില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ കൊലപാതകത്തിന് പിന്നാലെ സമാനമായി മറ്റൊരു ട്രാക്ടര്‍ ഡ്രൈവറേയും കൊലപ്പെടുത്തി കൈകാല്‍ മുറിച്ച്‌ ഇയാളും സംഘവും മൃതദേഹം കനാലില്‍ തള്ളി. അഞ്ചോളം ട്രാക്റ്ററുകളുടെ ഉടമയായ ആളായിരുന്നു ഇയാളുടെ നാലാമത്തെ ഇര. പിന്നീട് മറ്റൊരു ട്രാക്റ്റര്‍ ഡ്രൈവറേയും ഇയാള്‍ കൊലപ്പെടുത്തി. ഇരുവരേയും കൈയും കാലും മുറിച്ച്‌ കാനലില്‍ തള്ളുകയായിരുന്നു.